സൗദിയിൽ പുതിയതായി ദേശീയ റിസർവുകളുടെ പട്ടികയിൽപ്പെടുത്തിയ പ്രദേശങ്ങൾ
യാംബു: സൗദിയിൽ അപൂർവ സമുദ്ര ആവാസ വ്യവസ്ഥയെ സംരക്ഷിക്കൽ ലക്ഷ്യംവെച്ച് രണ്ട് പുതിയ പ്രദേശങ്ങൾ കൂടി ദേശീയ റിസർവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ജിദ്ദയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന റാസ് ഹതിബ പ്രദേശവും ചെങ്കടൽ തീരത്തെ ‘ബ്ലൂ ഹോൾസ്’ എന്ന പേരിലറിയപ്പെടുന്ന സമുദ്ര പ്രദേശങ്ങളുമാണ് പുതിയതായി ദേശീയ റിസർവുകളുടെ ഗണത്തിൽപെടുത്തിയത്.
സൗദി മന്ത്രിമാരുടെ കൗൺസിലാണ് ഈ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘വിഷൻ 2030’ പ്രകാരം ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.
രണ്ട് റിസർവുകളുടെയും സവിശേഷമായ ജൈവവൈവിധ്യവും സാമ്പത്തിക, ടൂറിസം മൂല്യവും സ്ഥിരീകരിക്കുന്ന വിപുലമായ ജൈവ, പ്രകൃതി, സാമൂഹിക പഠനങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്ന് നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് സി.ഇ.ഒ മുഹമ്മദ് ഖുർബാൻ പറഞ്ഞു. റാസ് ഹതിബ പ്രദേശം 5,715 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്.
വൈവിധ്യമാർന്ന പവിഴപ്പുറ്റുകൾ, വിശാലമായ കണ്ടൽക്കാടുകൾ, കടൽപ്പുല്ലുകൾ എന്നിവ പ്രദേശത്തെ വേറിട്ടു നിർത്തുന്നു. പച്ച ആമകൾ, തിമിംഗലങ്ങൾ, ഡോൾഫിനുകൾ, സ്രാവുകൾ, വിവിധയിനങ്ങളിലുള്ള കടൽ സസ്തനികൾ എന്നിവയുടെ പ്രധാന ആവാസ കേന്ദ്രമാണിവിടം. ബ്ലൂ ഹോൾസ് പ്രദേശങ്ങളിലും വിവിധ തരം കടലാമകൾ, അപൂർവ മത്സ്യങ്ങൾ, വിവിധയിനം സസ്തനികൾ, അകശേരുക്കൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെ സമുദ്രജീവികളാൽ സമ്പന്നമാണ്.
തെക്കൻ ചെങ്കടൽ തീരത്ത് ഇത്തരത്തിലുള്ള 20ലേറെ കണ്ടെത്തലിനെ തുടർന്ന് 2022ൽ തന്നെ പ്രദേശം അധികൃതർ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഈ രണ്ട് സംരക്ഷിത പ്രദേശങ്ങളും കൂടി ചേർത്തതോടെ രാജ്യത്തിെൻറ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ഇപ്പോൾ 16.1 ശതമാനമായി മൊത്തം ഉൾക്കൊള്ളുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തേ ഇത് 6.5 ശതമാനമായിരുന്നു. 2030 ആകുമ്പോഴേക്കും 30 ശതമാനം എന്ന ദേശീയ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും നാഷനൽ സെൻറർ ഫോർ വൈൽഡ്ലൈഫ് അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.