നവയുഗം കേന്ദ്ര സമ്മേളനത്തിൽ വാഹിദ് കാര്യറ സംസാരിക്കുന്നു
അൽഖോബാർ: പ്രവാസികളെ സംബന്ധിച്ച വിവിധ വിഷയങ്ങളും സംഘടനാപരമായ വിശകലനങ്ങളും ചർച്ചകളും പൂർത്തിയാക്കി നവയുഗം സാംസ്കാരികവേദി ആറാമത് കേന്ദ്രസമ്മേളനം സമാപിച്ചു. അൽഖോബാർ നെസ്റ്റോ ഹാളിലെ സി.കെ. ചന്ദ്രപ്പൻ നഗറിലാണ് സമ്മേളനം നടന്നത്. മേഖല സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും കേന്ദ്രകമ്മിറ്റി അംഗങ്ങളും ക്ഷണിതാക്കളും ഉൾപ്പെടെ 200 പ്രതിനിധികൾ കേന്ദ്രസമ്മേളനത്തിൽ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യ രാജ്യത്തെ ഭരിക്കുന്ന സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങൾക്കെതിരെയും മുതലാളിത്ത ദാസ്യത്തിനെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും പൊരുതാൻ വേണ്ടി, സാധാരണക്കാരന്റെ അടിസ്ഥാനാവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, ജോലി, സാമൂഹികസമത്വം, സാമാന്യനീതി മുതലായവ നേടിയെടുക്കാനുള്ള രാഷ്ട്രീയമാണ് ഒറ്റക്കെട്ടായി ജനാധിപത്യപാർട്ടികൾ ഉയർത്തിപ്പിടിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ജമാൽ വില്യാപ്പള്ളി, അരുൺ ചാത്തന്നൂർ, അനീഷ കലാം എന്നിവർ അടങ്ങിയ പ്രസീഡിയവും എം.എ. വാഹിദ്, സാജൻ കണിയാപുരം, ദാസൻ രാഘവൻ എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനനടപടികൾ നിയന്ത്രിച്ചത്. സുശീൽ കുമാർ, സനു മഠത്തിൽ, സന്തോഷ് ചങ്ങോലിക്കൽ എന്നിവർ മിനുട്ട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
സൗദിയിലെ പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിന് ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കുക, പ്രവാസി പുനരധിവാസത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക, നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവാസികൾക്ക് സഹായമേകുക എന്നീ വിഷയങ്ങളിൽ അവതരിക്കപ്പെട്ട പ്രമേയങ്ങൾ സമ്മേളനം ചർച്ച ചെയ്തു പാസാക്കി. ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, സംഗീത സന്തോഷ് എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്. ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും ബിജു വർക്കി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിനുമേൽ നടന്ന ചർച്ചയിൽ വിവിധ മേഖലകമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് മുരളി പാലേരി, സജീഷ് പട്ടാഴി, ജോസ് കടമ്പനാട്, ജയചന്ദ്രൻ, നന്ദകുമാർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി. സുനീർ, ന്യൂഏജ് ജിദ്ദ ഭാരവാഹി ലത്തീഫ്, സി.പി.ഐ നേതാവ് കദീർ ഖാൻ എന്നിവർ സംസാരിച്ചു.
സജീഷ് പട്ടാഴി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരെയും കലാകാരന്മാരെയും പ്രവാസിയായി 30 വർഷം പൂർത്തിയായ നവയുഗം അംഗങ്ങളെയും ആതുരസേവനരംഗത്തു മികച്ച സേവനം കാഴ്ച വെച്ച നവയുഗം അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. 10ാം ക്ലാസ്, 12ാം ക്ലാസ് എന്നിവയിൽ ഉയർന്ന വിജയം നേടിയ നവയുഗം അംഗങ്ങളുടെ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 48 അംഗ പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. കേന്ദ്രസമ്മേളനത്തിന് ദാസൻ രാഘവൻ സ്വാഗതവും ബിനു കുഞ്ഞു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.