സ്വദേശി വനിതകൾ മത്സ്യബന്ധന മേഖലയിലേക്കും

ജിദ്ദ: സൗദി അറേബ്യയിൽ മത്സ്യബന്ധന തൊഴിലിൽ വനിതകളെ യോഗ്യരാക്കുന്നതിന് പരിശീലന പരിപാടികൾ ആരംഭിക്കുന്നു. 60 വനിതകളെ മത്സ്യബന്ധന തൊഴിലിൽ യോഗ്യരാക്കുന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തതായി ദേശീയ ഫിഷറീസ് ഡെവലപ്മെൻറ് പ്രോഗ്രാം എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് മൂസ അൽകിനാനി പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് വനിതകൾക്ക് മത്സ്യബന്ധന തൊഴിലുകളിൽ പരിശീലനം നൽകുന്നത്. മത്സ്യോൽപന്നങ്ങളുടെ വിൽപനയിലും വിപണനത്തിലും ആ മേഖലയിലെ വിദഗ്ധരായവർ പരിശീലനം നൽകും.

സൗദി യുവാക്കളെ മത്സ്യബന്ധന തൊഴിലിലേക്ക് പരിശീലിപ്പിക്കാനും യോഗ്യരാക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. യുവാക്കൾക്കും യുവതികൾക്കും നിരവധി സാങ്കേതിക, കരകൗശല മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന നിരവധി പദ്ധതികൾ മന്ത്രാലയത്തിനുണ്ടെന്നും കിനാനി പറഞ്ഞു.

നിരവധി തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിനും യുവാക്കളെയും യുവതികളെയും യോഗ്യരാക്കുന്നതിനും പല സംരംഭങ്ങളുണ്ട്.

തേനീച്ച വളർത്തൽ, മത്സ്യബന്ധനം, കന്നുകാലികളെ വളർത്തുന്നവർ, കൃഷി എന്നീ സംരംഭങ്ങൾ ഇതിലുൾപ്പെടുന്നു. മത്സ്യബന്ധന തൊഴിലിനെ നാലു പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഗതാഗതവും വിതരണവും, വിൽപനയും മാർക്കറ്റിങ്ങും, പിന്തുണ സേവനങ്ങളും പ്രവർത്തനങ്ങളും എന്നീ മൂന്നെണ്ണം കടലിനുപുറത്തുള്ള ജോലികളാണ്. മറ്റൊന്ന് കടലിനുള്ളിലെ മത്സ്യബന്ധനമാണ്. മാർക്കറ്റിങ്ങിന് ലക്ഷ്യമിടുന്നവരിൽ 90 ശതമാനം സ്ത്രീകളാണ്. തുറമുഖ സേവനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, ഓപറേഷൻ, മോണിറ്ററിങ് മുതലായവയ്ക്ക് ആവശ്യമായ സേവനങ്ങൾ നൽകലാണ് 'പിന്തുണ സേവനങ്ങളും പ്രവർത്തനവും' കൊണ്ട് ലക്ഷ്യമിടുന്നതെന്നും അൽകിനാനി പറഞ്ഞു.

Tags:    
News Summary - Native women into the fishing sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.