മക്ക മസ്ജിദുൽ ഹറാം ഇമാം ശൈഖ് ബന്ദർ ബലീല, മസ്ജിദുന്നബവി ഇമാം ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം എന്നിവർ ജുമുഅ ഖുത്തുബ നിർവഹിക്കുന്നു

ഹറമുകളുടെ സുരക്ഷയിൽ തൊട്ടുകളിക്കുന്നത് ‘െറഡ് ലൈൻ’ ലംഘിക്കൽ; വലിയ കുറ്റകൃത്യമെന്ന് ഹറം ഇമാമുമാർ

മക്ക: പുണ്യ സ്ഥലങ്ങളുടെ സുരക്ഷയിൽ കൈകടത്തുന്നത് മറികടക്കാനാവാത്ത ‘െറഡ് ലൈൻ’ ആണെന്നും അതൊരു വൻ കുറ്റകൃത്യമാണെന്നും മക്കയിലെയും മദീനയിലെയും പള്ളികളിലെ ഖത്തീബുമാർ വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള ജുമുഅ പ്രസംഗത്തിലാണ് ഇമാമുമാർ ഇക്കാര്യം തുറന്നടിച്ചത്.

മക്കയെ ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തിയ ആക്രമണത്തെ ഇമാമുമാർ ശക്തമായി അപലപിച്ചു. മതപരവും മാനവികവുമായ സകല മൂല്യങ്ങളെയും കാറ്റിൽപ്പറത്തുന്ന ക്രിമിനൽ സമീപനമാണിത്. മക്കയും മദീനയും അതിവിശുദ്ധവും സുരക്ഷിതവുമായ രണ്ട് ഹറമുകളാണ് (പുണ്യഭൂമികൾ). അവയ്ക്ക് നേരെ ആക്രമണം നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.മുസ്‌ലിംകളെ ഭയപ്പെടുത്താനും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തുടിപ്പായ വിശുദ്ധ സ്ഥലങ്ങളെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഈ ധന്യഭൂമിയുടെ പവിത്രത തകർക്കാനാണെന്ന് മസ്ജിദുൽ ഹറാം ഇമാം ശൈഖ് ബന്ദർ ബലീല പറഞ്ഞു. അല്ലാഹുവിെൻറ ഭവനമായ കഅ്ബയെയും പ്രവാചകെൻറ പള്ളിയെയും ലക്ഷ്യമിടാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്‌ലാമിെൻറ അധ്യാപനങ്ങളുമായി ഒരു ബന്ധവുമില്ല. വഴിപിഴച്ച ഈ സംഘം ഭൂമിയിൽ കുഴപ്പങ്ങളുണ്ടാക്കാൻ മതപരമായ മുദ്രാവാക്യങ്ങളെ മറയാക്കുക മാത്രമാണ് ചെയ്യുന്നത്.

ഇത്തരം ആക്രമണങ്ങൾ സൗദി അറേബ്യയുടെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധവും ഐക്യവും കൂടുതൽ ദൃഢമാക്കുകയേ ഉള്ളൂ. അസൂയാലുക്കളുടെ അസൂയയ്ക്കും കുതന്ത്രങ്ങൾക്കും മുന്നിൽ ഇസ്‌ലാമിക ലോകത്തിെൻറ ഖിബ്‌ലയായ (പ്രാർത്ഥനാ ദിശ) സൗദി അറേബ്യ എന്നും തകരാതെ നിലനിൽക്കുമെന്നും ശൈഖ് ബലീല കൂട്ടിച്ചേർത്തു. മക്കയുടെയും മദീനയുടെയും സ്ഥാനവും, ദൈവം ഈ നഗരങ്ങൾക്ക് പ്രത്യേകമായി നൽകിയ പവിത്രതയും ആദരവും എടുത്തുപറഞ്ഞായിരുന്നു മസ്ജിദുന്നബവി ഇമാം ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം സംസാരിച്ചത്.

ഭീകരവാദ സംഘടനയായ ഹൂതികൾ മക്കയ്ക്കും മദീനയ്ക്കും നേരെ നടത്തുന്ന അതിക്രമങ്ങളും കടന്നുകയറ്റങ്ങളും അവരുടെ ക്രൂരമായ സമീപനമാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിംകളുടെ രക്തം ചിന്താനും സമാധാനത്തോടെ ജീവിക്കുന്നവരെ ഭയപ്പെടുത്താനും മാത്രമാണ് അവർ ശ്രമിക്കുന്നത്.വിശുദ്ധമായ ഈ രണ്ട് നഗരങ്ങളുടെയും പവിത്രത ആദരിക്കണം.

അവിടത്തെ സുരക്ഷയും, സ്ഥാപനങ്ങളും, പള്ളികളും, സ്വത്തുക്കളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവിടങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതും ജനങ്ങളുടെ സമാധാനജീവിതം തകർക്കുന്നതും വലിയ കുറ്റകൃത്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Crossing the Red Line on Haram Security is a Major Crime, Say Haram Imams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.