യാംബു റോയൽ കമീഷനിൽ നടന്ന നാഷനൽ ഹോഴ്സ് ഷോ ജംപിങ് ചാമ്പ്യൻഷിപ്
മത്സരങ്ങളിൽനിന്ന് (ഫോട്ടോ ഷൗക്കത്ത് എടക്കര)
യാംബു: വിസ്മയക്കാഴ്ച സമ്മാനിച്ച് യാംബുവിൽ കുതിരകളുടെ ദേശീയ ജംപിങ് ചാമ്പ്യൻഷിപ് സമാപിച്ചു. സൗദി ഇക്വസ്ട്രിയൻ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത റൈഡർമാരും കുതിരകളും പങ്കെടുത്ത മൂന്നാമത് ‘ഹോഴ്സ് ജംപിങ്’ മത്സരമാണ് യാംബു റോയൽ കമീഷൻ ഇക്വസ്ട്രിയൻ സെന്ററിൽ നടന്നത്.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് 130ലധികം റൈഡർമാർ തങ്ങളുടെ കുതിരകളുമായി മാറ്റുരച്ചു.
70 സെന്റിമീറ്റർ മുതൽ 100 സെന്റിമീറ്റർ വരെ ഉയരമുള്ള ഹാർഡിലുകൾ ചാടിക്കടന്ന് ആറു റൗണ്ടുകളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത റൈഡർമാരിൽ കുട്ടികളും യുവതികളുമടക്കം ഉൾപ്പെട്ടത് പ്രത്യേകതയായി. യാംബു റോയൽ കമീഷനിൽ അഫിലിയേറ്റ് ചെയ്ത ഇക്വസ്ട്രിയൻ ഫെഡറേഷന്റെ കുതിര സവാരികേന്ദ്രം രാജ്യത്തെ ശ്രദ്ധേയ കുതിരയോട്ട പരിശീലനകേന്ദ്രം കൂടിയാണ്. വിദഗ്ധരായ പരിശീലകരുടെ മേൽനോട്ടത്തിൽ ഇവിടെ കുതിരസവാരിക്കും കുതിരച്ചാട്ടത്തിനും പരിശീലനം നൽകാൻ മികച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുള്ള സ്റ്റേഡിയങ്ങളും 103 കുതിര ലായങ്ങളും വെറ്ററിനറി ക്ലിനിക്കുകളും കേന്ദ്രത്തിലുണ്ട്. പൊതുജനങ്ങൾക്ക് സൗജന്യമായി കുതിരയോട്ട, ചാട്ട മത്സരങ്ങൾ ആസ്വദിക്കാൻ ഗാലറികളും ഒരുക്കിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായി നടന്ന ഹോഴ്സ് ഷോ ജംപിങ് മത്സരം കണാൻ ധാരാളം പേരെത്തിയിരുന്നു. ജംപിങ് ഷോയിൽ വൈദഗ്ധ്യം നേടിയ കുട്ടികളുടെ പ്രകടനമാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത്. ഷോ ജംപിങ് ആസ്വദിക്കാൻ സ്വദേശികൾ പലരും കുടുംബസമേതമാണ് കേന്ദ്രത്തിലെത്തിയത്. മലയാളികളടക്കമുള്ള ധാരാളം സന്ദർശകരും അപൂർവ കുതിര പ്രകടനങ്ങൾ കാണാനെത്തിയിരുന്നു.
സൗന്ദര്യത്തിൽ കവർന്ന ചെറുതും വലുതുമായ വിഭിന്ന നിറങ്ങളിലുള്ള കുതിരകളുടെ അപൂർവ സംഗമവും അവയുടെ ഗ്രൗണ്ടിലെ പ്രകടനവും വമ്പിച്ച കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്.
ജുബൈൽ ആൻഡ് യാംബു ഇൻഡസ്ട്രിയൽ സിറ്റി സർവിസസ് കമ്പനി (ജബീൻ), ഡെൽറ്റ സ്പോർട്സ് കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. അവസാന റൗണ്ടിലെ ചാമ്പ്യന്മാർക്കും ടൂർണമെന്റിന്റെ സ്പോൺസർമാർക്കും സംഘാടകർക്കും റോയൽ കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.