റിയാദ്: യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ച ടാക്സി ഡ്രൈവറെ തിരിച്ചറിയുകയും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ടി.ജി.എ) അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്.
ഒരു പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്പ് വഴി സർവിസ് നടത്തുന്ന ഡ്രൈവറാണ് നടപടി നേരിട്ടത്. കൈകൾക്ക് പകരം ഒരു കാൽ മാത്രം ഉപയോഗിച്ച് സ്റ്റിയറിങ് നിയന്ത്രിച്ച് കാറോടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്ന വനിതാ യാത്രക്കാരി പകർത്തി പുറത്തുവിട്ടിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതരുടെ ഇടപെടൽ.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഞങ്ങൾ അന്വേഷണം നടത്തുകയും ബന്ധപ്പെട്ട ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തെന്നും നിയമലംഘനം നടത്തിയ ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അബ്ദുള്ള അൽ തുർക്കി പ്രസ്താവനയിൽ പറഞ്ഞു.
ഗതാഗത നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അതോറിറ്റി എല്ലാ ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സേവനത്തിെൻറ ഗുണനിലവാരത്തിനുമാണ് പ്രഥമ പരിഗണനയെന്നും, ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.