മുജീബ് കക്കോടി
റിയാദ്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും തനിമ സാംസ്കാരിക വേദി നേതാവുമായ മുജീബുറഹ്മാൻ കക്കോടി 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. കുവൈത്ത്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലായി സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ 25 വർഷമായി കുടുംബത്തോടൊപ്പം റിയാദിലെ നസീം, മലസ്, ന്യൂ സനാഇയ്യ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഈ വരുന്ന വെള്ളിയാഴ്ച അദ്ദേഹം സൗദി അറേബ്യയോട് വിടപറയും.
തനിമ കേന്ദ്ര പ്രതിനിധി സഭാംഗം, നോർത്ത് സോണൽ പ്രസിഡൻറ്, സേവന വിഭാഗം കൺവീനർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂ സനാഇയയിലെ അൽമൻഹൽ മലയാളി സമാജം, സുലൈ കേന്ദ്രമായ സൗദി അറേബ്യൻ ഡൈന ഡ്രൈവേഴ്‌സ് അസോസിയേഷൻ എന്നിവയുടെ രൂപവത്കരണത്തിലും മുഖ്യപങ്കുവഹിച്ചു.
മുജീബുറഹ്മാൻ കക്കോടിക്ക് തനിമ യാത്രയയപ്പ് നൽകിയപ്പോൾ
പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ, ആശുപത്രി ആവശ്യങ്ങൾ എന്നിവയിൽ നിരന്തരം ഇടപെട്ട അദ്ദേഹം, കോടതികളിൽ ട്രാൻസ്‌ലേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മരുന്നും ഭക്ഷണവും എത്തിക്കാനും, അപകടങ്ങളിൽപ്പെടുന്നവർക്കും യാത്രക്കാർക്കും തുണയാകാനും, ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് വഴികാട്ടിയാകാനും മുജീബും കുടുംബവും മുൻപന്തിയിലുണ്ടായിരുന്നു. ഡ്രൈവിങ് തൊഴിലിലൂടെ എല്ലാ ജി.സി.സി രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം മികച്ചൊരു പ്രഭാഷകൻ കൂടിയാണ്.
കോഴിക്കോട് കക്കോടി സ്വദേശിയാണ്.ഭാര്യ റാഷിദ. മുഹമ്മദ് അഷ്ഫാഖ്, ബാസിത് (റിയാദ്), തൗഫീഖ് (യു.കെ), സന എന്നിവർ മക്കളും അഫ്നിത, ആയിഷ ഫീസ, റിസ്‌വാന ഹക്കീം, നിയാസ് വേളം എന്നിവർ മരുമക്കളുമാണ്.
നാട്ടിലേക്ക് മടങ്ങുന്ന മുജീബ് കക്കോടിക്ക് തനിമ സാംസ്കാരിക വേദി യാത്രയയപ്പ് നൽകി. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗം അബ്ദുല്ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സിദ്ദിഖ് ബിൻ ജമാൽ, ജനറൽ സെക്രട്ടറി തൗഫീഖ് റഹ്മാൻ, അംജദ് അലി, ഫസലുൽ ഹഖ്, അസീബ് എലാചോല, ബഷീർ രാമപുരം, അഷ്‌റഫ് കൊടിഞ്ഞി, ഇഫ്തികാർ കത്താണ്ടി, റഹ്മത്ത് തിരുത്തിയാട്, ഖലീൽ അബ്ദുല്ല, കെ.പി. സുലൈമാൻ, റഹ്മത്തുല്ല, ഷാഫി പെരിന്തൽമണ്ണ എന്നിവർ ആശംസകൾ നേർന്നു. മുജീബുറഹ്‌മാൻ കക്കോടി ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.