കള്ളപ്പണം വെളുപ്പിക്കൽ; ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ

യാംബു: മൂന്നു ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശി സൗദി അറേബ്യയിൽ പിടിയിൽ. ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് വഴി പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. പ്രതിക്ക് രണ്ടുവർഷത്തെ തടവും വൻതുക പിഴയും വിധിച്ചു. ഇയാളുടെ ബാഗിൽ ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 5000 റിയാലും (1331 ഡോളർ) 2,97,000 ഡോളറുമാണ് കൈവശമുണ്ടായിരുന്നത്. അനധികൃതമായി സമ്പാദിച്ചതാണ് പണമെന്നും അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തിന് പുറത്തേക്ക് പണം കൊണ്ടുപോയി വെളുപ്പിക്കാൻ നടത്തിയ ശ്രമമാണെന്ന് സംശയരഹിതമായി തെളിഞ്ഞെന്നും പങ്കാളികളുണ്ടെങ്കിൽ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ശിക്ഷാകാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും.

ദേശീയ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള ഏതു പ്രവർത്തനവും ശിക്ഷാർഹമാണെന്നും കഠിനശിക്ഷ നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തുനിന്ന് വിമാനത്താവളം, തുറമുഖം എന്നിവ വഴി പുറത്തുപോകുന്നവരുടെ കൈവശം 60,000 റിയാലോ തത്തുല്യ മൂല്യമുള്ള മറ്റു കറൻസികളോ സാധനങ്ങളോ ഉണ്ടെങ്കിൽ ഉറവിടം വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണം. 

Tags:    
News Summary - money laundering; African native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.