ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സൈഫ് ഇബ്രാഹിമിനൊപ്പം സാമൂഹിക പ്രവർത്തകൻ ഷാജിദ്ദീൻ നിലമേൽ
ജുബൈൽ: ഏപ്രിൽ 15 മുതൽ ജുബൈലിൽ നിന്ന് കാണാതായ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സൈഫ് ഇബ്രാഹിം (30) നവോദയ സാംസ്കാരിക വേദിയുടെ ഇടപെടലിലൂടെ സുരക്ഷിതമായി നാട്ടിലെത്തി. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നവോദയയുടെ സാമൂഹിക ക്ഷേമ വിഭാഗം നടത്തിയ കൃത്യമായ അന്വേഷണമാണ് സൈഫിനെ കണ്ടെത്താൻ സഹായിച്ചത്.
സൈഫിനെ കാണാതായ വിവരം സമൂഹമാധ്യമങ്ങൾ വഴി അറിഞ്ഞ പ്രവർത്തകർ ജുബൈൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച സൈഫിനെ പൊലീസ് ദമ്മാം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട നവോദയ റീജനൽ ജീവകാരുണ്യ വിഭാഗം ചെയർമാൻ ഷാജിദ്ദീൻ നിലമേൽ, ആശുപത്രി അധികൃതരുമായി സംസാരിക്കുകയും സൈഫിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു. നവോദയ കുടുംബവേദി സെക്രട്ടറി ബൈജു വിവേകാനന്ദനാണ് സൈഫിെൻറ അവസ്ഥ ഷാജിദ്ദീൻ നിലമേലിെൻറ ശ്രദ്ധയിൽപ്പെടുത്തിയത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ സൈഫിനെ ജുബൈലിലുള്ള സഹോദരെൻറ അടുത്താണ് ആദ്യം എത്തിച്ചത്. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ വേഗത്തിൽ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം രാത്രി 11.30-നുള്ള ഫ്ലൈനാസ് വിമാനത്തിൽ ഇദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. സൈഫിെൻറ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കിയ നവോദയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നാട്ടിലുള്ള ബന്ധുക്കൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.