മുടി മാറ്റിവെക്കൽ ചികിത്സാ രംഗത്ത് പരിശോധന കർശനമാക്കി ആരോഗ്യ മന്ത്രാലയം; നിയമലംഘകർക്ക് ലക്ഷം റിയാൽ പിഴയും തടവും

റിയാദ്: രാജ്യത്തെ ചർമരോഗ ക്ലിനിക്കുകൾ, സൗന്ദര്യവർധക കേന്ദ്രങ്ങൾ, ഏകദിന ശസ്ത്രക്രിയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടന്നു വരുന്ന മുടി മാറ്റിവെക്കൽ ചികിത്സകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം വിപുലമായ പരിശോധനാ കാമ്പയിൻ ആരംഭിച്ചു.

മെഡിക്കൽ നടപടിക്രമങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഓപ്പറേഷൻ തിയറ്ററുകൾക്കുള്ളിലെ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും മുടി മാറ്റിവെക്കലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരുന്നുണ്ടോ എന്നും പരിശോധനയുടെ ഭാഗമായി വിലയിരുത്തും.

ആരോഗ്യ പ്രവർത്തകർ തങ്ങളുടെ സ്പെഷ്യലൈസേഷന് അനുസൃതമായ സേവനമാണോ നൽകുന്നതെന്നും അവരുടെ പ്രഫഷനൽ യോഗ്യതയും പ്രായോഗിക പരിചയവും കൃത്യമാണോ എന്നും മന്ത്രാലയം ഉറപ്പുവരുത്തും. ഇതിനുപുറമെ, മെഡിക്കൽ ഉപകരണങ്ങളുടെ സജ്ജീകരണവും സുരക്ഷിതമായ തൊഴിൽ സാഹചര്യവും പരിശോധിക്കും.

വിദഗ്ധരായ ഡോക്ടർമാർ വഴി മാത്രമേ ചികിത്സകൾ സ്വീകരിക്കാവൂ എന്നും ചികിത്സ തേടുന്നവർ ഡോക്ടറുടെ ഐഡൻറിറ്റിയും ക്ലിനിക്കിൽ പ്രദർശിപ്പിച്ചിട്ടുള്ള പ്രഫഷനൽ ലൈസൻസും പരിശോധിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ നിയമമനുസരിച്ച്, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും. നിയമലംഘനം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറ് മാസം വരെ തടവുശിക്ഷയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

വിദഗ്ധരല്ലാത്തവരെ സേവനത്തിനായി ഉപയോഗിക്കുന്നതിനെതിരെയും ലൈസൻസില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനെതിരെയും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ഏകീകൃത കോൾ സെൻറർ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Ministry of Health tightens inspections in the hair transplant sector; violators face a 100,000 Rial fine and imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.