പുതിയ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട കരാറിൽ നാഷനൽ ഷിപ്പിംഗ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്‌രി), ഇന്റർനാഷണൽ മാരിടൈം ഇൻഡസ്ട്രീസുമായി (ഐ.എം.ഐ) ഉദ്യോഗസ്ഥർ ഒപ്പു വെച്ചപ്പോൾ.

സൗദി മാരിടൈം ചരിത്രത്തിൽ നാഴികക്കല്ല്: ആദ്യമായി വാണിജ്യ കപ്പലുകൾ രാജ്യത്ത് നിർമ്മിക്കുന്നു

ജിദ്ദ: സൗദി മാരിടൈം ചരിത്രത്തിൽ നാഴികക്കല്ലായി രാജ്യത്ത് ആദ്യമായി വാണിജ്യ കപ്പലുകൾ നിർമ്മിക്കുന്നു. സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് ദാതാക്കളായ നാഷനൽ ഷിപ്പിംഗ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്‌രി) ആണ് രാജ്യത്തിന്റെ മാരിടൈം വ്യവസായത്തിൽ ഒരു പുതിയ അധ്യായം കുറിക്കാനൊരുങ്ങുന്നത്.

ഇന്റർനാഷണൽ മാരിടൈം ഇൻഡസ്ട്രീസുമായി (ഐ.എം.ഐ) ചേർന്ന് ആറ് പുതിയ ഡ്രൈ ബൾക്ക് കാരിയർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ബഹ്‌രി കമ്പനി ഒപ്പുവച്ചു. ഇതോടെ സൗദി അറേബ്യയിൽ ആരംഭിക്കുന്ന ആദ്യത്തെ വൻകിട ദേശീയ കപ്പൽ നിർമ്മാണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി.

സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായി സ്ഥാപിക്കുന്നതിനും, മാരിടൈം മേഖലയുടെ പ്രാദേശികവൽക്കരണം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. പ്രധാന സൗദി കമ്പനികൾ തമ്മിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കുന്ന ‘സൗദി ഇൻക്.’ സംരംഭത്തിന്റെ ഭാഗമായി, പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഈ അത്യാധുനിക കപ്പലുകൾ നിർമ്മിക്കുന്നത് റാസ് അൽ ഖൈറിലെ ഐ.എം.ഐയുടെ കപ്പൽശാലയിലാണ്. മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും നൂതനവും സമഗ്രവുമായ മാരിടൈം കേന്ദ്രമായാണ് ഈ കപ്പൽശാല അറിയപ്പെടുന്നത്. സൗദി അറേബ്യൻ ഓയിൽ കമ്പനിയായ സൗദി ആരാംകോയും ബഹ്‌രിയും ഉൾപ്പെടെയുള്ള ആഗോള പങ്കാളിത്തത്തോടെയാണ് ഐ.എം.ഐ പ്രവർത്തിക്കുന്നത്. നിർമ്മാണത്തിന് ഓർഡർ നൽകിയിട്ടുള്ള ആറ് കപ്പലുകളും അൾട്രാമാക്സ് വിഭാഗത്തിൽപ്പെട്ടവയാണ്.

ഏകദേശം 62,823 ഡെഡ്‌വെയ്റ്റ് ടൺ (ഡി.ഡബ്ലിയു.ടി) ശേഷിയുള്ള ഈ കപ്പലുകൾ, ഉയർന്ന പ്രവർത്തനക്ഷമതയും വഴക്കവും ഉറപ്പാക്കുന്നു. ആദ്യ ആറ് കപ്പലുകളുടെ നിർമ്മാണത്തിന് ഏകദേശം 203 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള തുറമുഖങ്ങളിൽ പോലും എളുപ്പത്തിൽ പ്രവേശിക്കാനാകും എന്നതാണ് പുതിയ കപ്പലുകളുടെ പ്രത്യേകത. കപ്പലുകളുടെ വിതരണം 2028-നും 2029-നും ഇടയിൽ നടക്കും. ഇത് ബഹ്‌രി കമ്പനിക്ക് പുതിയ, പ്രത്യേക വിപണികളിലേക്ക് പ്രവേശിക്കാൻ അവസരം നൽകും.

വൻകിട പദ്ധതിയിലൂടെ സൗദി അറേബ്യ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മാരിടൈം കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരുകയാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാനും, പ്രവർത്തനച്ചെലവ് കുറച്ച് സുസ്ഥിരതയും മത്സരശേഷിയും വർധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഈ കരാർ ബഹ്‌രിക്ക് ഒരു തന്ത്രപരമായ നാഴികക്കല്ലാണെന്നും സൗദിയിലെ മാരിടൈം വ്യവസായത്തിന് ഇത് ഒരു നിർണായക നിമിഷമാണെന്നും ബഹ്‌രി സി.ഇ.ഒ എൻജിനീയർ അഹമ്മദ് അൽസുബൈ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Milestone in Saudi Maritime History: First Commercial Ships Built in the Country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.