സൗദിയുടെ വിവിധ ഭാഗങ്ങളിലെത്തിയ ദേശാടനപ്പക്ഷികൾ
യാംബു: സൗദിയുടെ ആകാശത്തിലൂടെ പ്രതിവർഷം 500 ദശലക്ഷത്തിലധികം ദേശാടനപ്പക്ഷികൾ സഞ്ചാരം നടത്തുന്നതായി രാജ്യത്തെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഭക്ഷണം തേടിയുള്ള സീസൺ യാത്രകളിൽ സൗദിയുടെ വിവിധ കടൽത്തീരങ്ങളിലും വിവിധ താഴ്വാരങ്ങളിലും ദേശാടനപ്പക്ഷികളുടെ സാന്നിധ്യം വർധിച്ചതോതിൽ പ്രകടമാണ്.
സൗദിയിലെ ചെങ്കടൽ തീരങ്ങൾ ദേശാടനപ്പക്ഷികളുടെ അത്ഭുത പ്രപഞ്ചമായി മാറുന്നത് സർവസാധാരണമാണ്. പറവകൾക്ക് വേണ്ട ആവാസവ്യവസ്ഥയൊരുക്കുന്ന പ്രകൃതിവിഭവങ്ങൾ എമ്പാടുമുണ്ടിവിടെ.
ചെങ്കടൽ തീരങ്ങളിൽ പലയിടത്തും കാണുന്ന ഇടതൂർന്നുനിൽക്കുന്ന കണ്ടൽക്കാടുകളുടെ ഹരിതാഭമായ ആവാസവ്യവസ്ഥ പക്ഷികളെ ആവോളം ആകർഷിക്കുന്ന ഘടകമാണ്. പകൽനേരങ്ങളിൽ ജലാശയങ്ങളിലും ചതുപ്പു നിലയങ്ങളിലും ഇരതേടി സന്ധ്യയോടെ സമീപത്തെ കണ്ടൽക്കാടുകളിൽ ചേക്കേറുന്നു. പച്ചപുതച്ച മരുഭൂമലനിരകളിലും താഴ്വരകളിലും ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന അഭൂതപൂർവമായ കാഴ്ചയാണ്.
ദേശാടനപ്പക്ഷികളിൽ വംശനാശഭീഷണി നേരിടുന്നവയിൽ പ്രധാനപ്പെട്ടവ ഹുബാറ ബസ്റ്റാർഡ് പക്ഷികളാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ അധികൃതർ ട്വീറ്റ് ചെയ്തു. അറബ് രാജ്യങ്ങളിലെ സാംസ്കാരികത്തനിമയുടെ ഭാഗം കൂടിയാണ് ഹുബാറ പക്ഷികൾ. സൗദിയുടെ അഭിമാനമായ ഫാൽക്കണുകളുടെ പ്രധാന ഇരയാണ് ഹുബാറ ബസ്റ്റാഡുകൾ. ഹുബാറകളുടെ വംശനാശം ഫാൽക്കണുകളുടെ ആവാസ വ്യവസ്ഥയെക്കൂടി സാരമായി ബാധിക്കുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.
രാജ്യത്ത് രജിസ്റ്റർ ചെയ്ത ദേശാടനപ്പക്ഷികളുടെ പട്ടികയിൽ യൂറോപ്യൻ ബീവർ, നൈറ്റ് ഹെറോൺ, പിങ്ക് വർണമുള്ള ഫ്ലമിംഗോ എന്ന പേരിൽ അറിയപ്പെടുന്ന രാജഹംസം, വിവിധയിനം കൊറ്റികൾ, വർണക്കൊക്ക്, പെലിക്കൻ, മൈന, കടൽകാക്കകൾ, പച്ച പ്രാവുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
യമൻ, ഇറാൻ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിദൂര ദേശങ്ങളിലെ വനമേഖലകളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടിയാണ് ദേശാടനപ്പക്ഷികൾ ചെങ്കടൽ തീരത്ത് എത്തുന്നത്. അനുയോജ്യമായ പരിസ്ഥിതി ഒരുക്കി നൽകാൻ സൗദി പരിസ്ഥിതി മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിക്കുകയും അവയെ സംരക്ഷിക്കേണ്ടതിന് കൂടുതൽ ശ്രദ്ധ ഊന്നുകയും ചെയ്യുന്നുണ്ട്. പ്രകൃതിസംരക്ഷണ ഇടങ്ങളും ഹരിത പ്രദേശങ്ങളും കൂടുതൽ പാർക്കുകളും നിർമിച്ച് ദേശാടനപ്പക്ഷികൾക്കായി ഒരുക്കുന്ന സൗകര്യങ്ങൾ നിമിത്തം കൂടുതൽ സമയം അവ ചെങ്കടൽ തീരങ്ങളിൽ കഴിയുന്നതായി പക്ഷി നിരീക്ഷകരും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.