മദീന: ആസൂത്രിതവും സംയോജിതവുമായ നഗരവികസന പദ്ധതികളിലൂടെ ആഗോള തലത്തിൽ ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ച മദീന നഗരത്തിന് അന്താരാഷ്ട്ര പ്രശംസ. പ്രമുഖ അന്താരാഷ്ട്ര വിപണി പഠന ഏജൻസിയായ ‘ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്പ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് മദീനയുടെ അടിസ്ഥാന സൗകര്യ-സാമ്പത്തിക മുന്നേറ്റങ്ങളെ എടുത്തുപറയുന്നത്.
വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസന സംരംഭങ്ങൾ നഗരവാസികളുടെ ജീവിതനിലവാരം വർധിപ്പിച്ചതായും മദീനയെ വസിക്കാനും സന്ദർശിക്കാനും നിക്ഷേപം നടത്താനും അനുയോജ്യമായ ഒരു ആഗോള കേന്ദ്രമാക്കി മാറ്റിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
21 ലക്ഷത്തിലധികം ജനസംഖ്യയുള്ള മദീനയിൽ 4,000-ത്തിലധികം ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിെൻറ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്ന ഒട്ടേറെ പ്രമുഖ വികസന പദ്ധതികൾ ഇവിടെ വിജയകരമായി മുന്നേറുന്നു. നഗരത്തിലെ ഗതാഗത രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ റിപ്പോർട്ടിൽ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്.
177 ബസുകളും 15 റൂട്ടുകളും 371 സ്റ്റോപ്പുകളുമടങ്ങുന്ന പൊതുഗതാഗത ശൃംഖല നിലവിൽ മദീനയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇതിനുപുറമേ, നഗരത്തിലെ റോഡ് ശൃംഖലയുടെ 90 ശതമാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 250 ബസുകളും 405 സ്റ്റോപ്പുകളുമുള്ള ‘ബസ് റാപ്പിഡ് ട്രാൻസിറ്റ്’ പദ്ധതിയും പുരോഗമിക്കുകയാണ്.
ഇതുവരെ വിവിധ ഘട്ടങ്ങളിലായി 90 ലക്ഷത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച ഹറമൈൻ ഹൈസ്പീഡ് റെയിലുമായി ഈ പൊതുഗതാഗത ശൃംഖല പൂർണമായും സംയോജിപ്പിച്ചിരിക്കുന്നു. മസ്ജിദുന്നബവിയുടെ പരിസര വികസനം, ചരിത്രപ്രസിദ്ധമായ വാദി അൽ അഖീഖിെൻറ പുനരുദ്ധാരണം എന്നിവ നഗരത്തിെൻറ മുഖച്ഛായ മാറ്റി. കൂടാതെ 40 ചരിത്ര കേന്ദ്രങ്ങളെയും 25 ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 175 കിലോമീറ്റർ ദൈർഘ്യമുള്ള ‘ബദർ പാത’ പദ്ധതിയും നടപ്പാക്കി വരുന്നു.
പ്രദേശത്തിെൻറ സാംസ്കാരിക-ചരിത്ര പൈതൃകങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ നഗര അന്തരീക്ഷത്തിെൻറ ഗുണനിലവാരം ഉയർത്താനും തീർത്ഥാടകരുടെയും സന്ദർശകരുടെയും അനുഭവം കൂടുതൽ മികച്ചതാക്കാനും ഇത്തരം സൗന്ദര്യവൽക്കരണ പദ്ധതികൾക്ക് സാധിച്ചിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികളുമായും അനുബന്ധ സ്ഥാപനങ്ങളുമായും സഹകരിച്ച് സാമ്പത്തിക-നിക്ഷേപ റിപ്പോർട്ടുകളും വിപണി പഠനങ്ങളും തയാറാക്കുന്ന മുൻനിര അന്താരാഷ്ട്ര സ്ഥാപനമാണ് ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്. നയരൂപകർത്താക്കൾക്കും നിക്ഷേപകർക്കും വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും മേഖലയിലെ നിക്ഷേപ സാധ്യതകൾ ആഗോളതലത്തിൽ തുറന്നുനൽകുന്നതിനും ഇവരുടെ പഠനങ്ങൾ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.