മാക്സിസ് ഗൂഗ്ളീസ് ഇന്റർനാഷനൽ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് സീസൺ–2; ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുന്നു

ജിദ്ദ: ഗൂഗ്ളീസ് ക്ലബ് സംഘടിപ്പിക്കുന്ന 'മാക്സിസ് ഗൂഗ്ളീസ് ഇന്റർനാഷനൽ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് സീസൺ–2' മത്സരങ്ങൾ ജിദ്ദ ബവാദിയിലെ നജൂം അൽ മഹർ അക്കാദമി സ്റ്റേഡിയത്തിൽ ആവേശകരമായി പുരോഗമിക്കുന്നതായി ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 14 നാരംഭിച്ച ടൂർണമെന്റ് 21, 28 തീയതികളിലായി സെമി, ഫൈനൽ മത്സരങ്ങൾ നടക്കും. അണ്ടർ 13, അണ്ടർ 16, അണ്ടർ 18 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ജിദ്ദയിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.

അണ്ടർ 13 വിഭാഗത്തിൽ നവംബർ 21-ന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, അഹ്ദാബ് ഇന്റർനാഷനൽ സ്കൂളുമായും നോവൽ ഇന്റർനാഷനൽ സ്കൂൾ, ഇന്തോനേഷ്യൻ ഇന്റർനാഷനൽ സ്കൂളുയുമായും ഏറ്റുമുട്ടും. അണ്ടർ 16 വിഭാഗത്തിൽ ഇന്തോനേഷ്യൻ ഇന്റർനാഷനൽ സ്കൂൾ, നോവൽ ഇന്റർനാഷനൽ സ്കൂൾ, അൽ മാവാരിദ് ഇന്റർനാഷനൽ സ്കൂൾ, അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. അണ്ടർ 18 വിഭാഗത്തിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും അൽ ഹുക്കമാ ഇന്റർനാഷനൽ സ്കൂളും ഇതിനോടകം ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ നവംബർ 28 വെള്ളിയാഴ്ചയായിരിക്കും നടക്കുക. കുടുംബങ്ങൾക്കടക്കം കളി വീക്ഷിക്കുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും മുഴുവൻ ഫുട്ബാൾ പ്രേമികളെയും മത്സരങ്ങൾ വീക്ഷിക്കാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

എല്ലാ കായികവിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ജിദ്ദയിൽ ഇന്ത്യക്കാരായ ഒരു കൂട്ടം യുവാക്കൾ രൂപീകരിച്ചതാണ് ഗൂഗ്ളീസ് ക്ലബ്. 2023-ൽ നാനോ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചതോടെ ക്ലബ് മത്സര രംഗത്ത് ശക്തമായ സാന്നിധ്യമായി. തുടർന്ന് 2024-ൽ ജിദ്ദയും മക്കയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ ഇന്റർനാഷനൽ സ്കൂളുകൾക്കായി ഫുട്ബാൾ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു. ക്ലബ് അംഗങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളും ക്ലബ് സംഘടിപ്പിച്ചിരുന്നു. വരും മാസങ്ങളിൽ കുട്ടികൾക്കായി ക്രിക്കറ്റ് കളിയിൽ പ്രത്യേകം പരിശീലനം നൽകുന്നത് ആലോചിക്കുന്നതായും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യരംഗത്ത് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗൂഗ്ളീസ് ക്ലബ് ചെയർമാൻ റഷീദ് അലി, പ്രസിഡന്റ് ഒ.പി സുബൈർ, ജനറൽ സെക്രട്ടറി ഷാജി അബൂബക്കർ, കൺവീനർ ഷംസു മിസ്ഫല, ട്രഷറർ ഷമീർ വേങ്ങര, മാർക്കറ്റിംങ് ഹെഡ് മുഹമ്മദ് ഷിബു കാരാട്ട്, ഓർഗനൈസിംഗ് സെക്രട്ടറി പി.കെ റിയാസ്, ജോയിന്റ് സെക്രട്ടറി ആദിൽ ഇല്ലിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Maxis Googles International School Football Tournament Season 2; Exciting matches in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.