റിയാദ്: മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് എല്ലാ വർഷവും നടത്തി വരുന്ന സതീഷ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ 10ാമത് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ‘കായിക മത്സരങ്ങൾ കൊണ്ട് ലഹരിയെ തടയുക’ എന്ന പ്രമേയവുമായി ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
റിയാദിലെ പ്രഗത്ഭരായ 16 ടീമുകളാണ് മത്സര രംഗത്തുള്ളത്. ആദ്യ ദിവസം നാല് ഗ്രൗണ്ടുകളിലായി എട്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഹാട്രിക് ക്രിക്കറ്റ് ക്ലബ് റോക്സ്റ്റാഴ്സിനെ നേരിടും.
ടൂർണമെന്റിന്റെ പൂർണമായ ഫിക്സ്ചർ കഴിഞ്ഞ ദിവസം അൽനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് മാനേജരുമായ ഷാബിൻ ജോർജ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളും മാസ്റ്റേഴ്സ് ക്ലബ് കാപ്റ്റൻ അബ്ദുൽ കരീം, ട്രഷറർ അമീർ മധൂർ, പി.ആർ.ഒ. ജോർജ് തൃശ്ശൂർ, ക്ലബ് അംഗങ്ങളായ സജാദ്, രാഹുൽ, സുൽത്താൻ, സജിത്, ഖൈസ്, സൈദ്, സുധീഷ്, ജിലിൻ മാത്യു, ആസിഫ്, അർഷാദ്, പ്രമോദ്, റഹ്മാൻ, ജാക്സൺ, അജാസ് എന്നിവരും പങ്കെടുത്തു. മൂന്ന് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങൾ റിയാദ് എക്സിറ്റ് 18-ലെ കെ.സി.എ, എം.സി.എ ഗ്രൗണ്ടുകളിലാണ് നടക്കുക. മേയ് ഒമ്പതിന് നടക്കുന്ന ഫൈനൽ മത്സരത്തോടെ ടൂർണമെന്റിന് സമാപനമാകും.
മുഴുവൻ മത്സരങ്ങളിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാർക്കും വിജയികൾക്കും നൽകുന്ന ട്രോഫികൾ നാട്ടിൽനിന്നും എത്തിച്ചതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.