ഒരാഴ്ചക്കിടെ അതിർത്തികളിൽ വൻ വേട്ട; റിയാദിൽ 50,000 ലഹരി ഗുളികകളുമായി സ്വദേശി പിടിയിൽ

റിയാദ്/ജിദ്ദ: രാജ്യത്തി​െൻറ സുരക്ഷ ശക്തമാക്കുന്നതിനും സമൂഹത്തെ ലഹരിമാഫിയകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയിൽ സുരക്ഷാ പരിശോധനകൾ അതിശക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ വിവിധ അതിർത്തികൾ കേന്ദ്രീകരിച്ച് സൗദി സകാത്ത്, ടാക്സ്, കസ്​റ്റംസ് അതോറിറ്റിയും റിയാദിൽ പ്രത്യേക റോഡ് സുരക്ഷാ സേനയും നടത്തിയ പ്രശംസനീയമായ നീക്കങ്ങളിലൂടെ വൻ നിരോധിതവസ്തു ശേഖരമാണ് പിടികൂടിയത്.

രാജ്യത്തെ വിവിധ കര, നാവിക, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 686 നിരോധിത വസ്തുക്കളാണ് ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ സൗദി കസ്​റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയവയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, കാപ്റ്റഗൺ ഗുളികകൾ തുടങ്ങി 82 വ്യത്യസ്ത തരം മയക്കുമരുന്നുകളും മറ്റ് 323 നിരോധിത ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.

ഇതിന് പുറമെ 1,484 യൂനിറ്റ് പുകയില ഉൽപ്പന്നങ്ങളും കസ്​റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതേ കാലയളവിൽ നിയമവിരുദ്ധമായി പണം കടത്താൻ ശ്രമിച്ച 22 കേസുകളും, ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും കടത്താൻ ശ്രമിച്ച രണ്ട്​ കേസുകളും അതോറിറ്റി രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി മേഖലകളിൽ നിരീക്ഷണം ഇനിയും ശക്തമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ റിയാദ് മേഖലയിൽ വാഹനത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരവുമായി ഒരു സൗദി പൗരനെ പ്രത്യേക റോഡ് സുരക്ഷാ സേന അറസ്​റ്റ്​ ചെയ്തു. ഔദ്യോഗിക മെഡിക്കൽ അനുമതിയില്ലാതെ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 50,000 ലഹരി ഗുളികകളാണ് ഇയാളുടെ വാഹനത്തിൽ നിന്ന് കണ്ടെടുത്തത്.

കൂടാതെ മാരക ലഹരിവസ്തുക്കളായ ആംഫെറ്റാമിൻ, ഹാഷിഷ് എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം തുടരന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഏത് ചെറിയ വിവരവും ഉടനടി സുരക്ഷാ ഏജൻസികളെ അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ രഹസ്യമായി നൽകുന്നവരുടെ പൂർണവിവരങ്ങൾ സൂക്ഷിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടാം:

കസ്​റ്റംസ് അതോറിറ്റി: 1910 (ഇമെയിൽ: 1910@zatca.gov.sa)

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911

രാജ്യത്തെ മറ്റ് പ്രവിശ്യകൾ: 999

Tags:    
News Summary - Massive border raid in a week; Saudi national arrested with 50,000 narcotic pills in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.