കോവിഡ്​ നിയന്ത്രണങ്ങൾ നീങ്ങി: ഹറമുകളിൽ ജുമുഅക്ക്​ ലക്ഷങ്ങളെത്തി

ജിദ്ദ: മക്ക, മദീന ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്​കാരത്തിൽ മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പ​െങ്കടുത്തു​. കോവിഡിനെ തുടർന്ന്​ മക്ക ഹറമിൽ പ്രവേശനത്തിന്​ ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്​ത്​ നിശ്ചിത ആളുകൾക്ക്​ ​​പ്രവേശനം അനുവദിക്കുകയും ചെയ്​തിരുന്നു. അതിനിടയിലാണ്​ ഇക്കഴിഞ്ഞ ദിവസം മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തി​െൻറ തീരുമാനമുണ്ടായത്​​. ഇതേ തുടർന്ന്​ ഞായറാഴ്​ച മുതൽ നമസ്​കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്​കാരത്തിന്​ പൂർണ തോതിൽ വിശ്വാസികൾക്ക്​ പ്രവേശനം നൽകുകയും ചെയ്​തിരുന്നു.


കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമായ ലക്ഷങ്ങളാണ്​ ജുമുഅ നമസ്​കാരം നിർവഹിച്ചത്​. കോവിഡിനെ തുടർന്ന്​ മുൻകരുതലന്നോണം ഒന്നര വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്ക്​ ശേഷം​ ആദ്യമായാണ്​ ഇത്രയും ആളുകൾ ജുമുഅക്കെത്തുന്നത്​. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന്​ നിരീക്ഷിക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.



കൂടുതൽ ആളുകൾ ജുമുഅക്ക്​ എത്തുന്നതിനാൽ ഹറമിലെ 50 കവാടങ്ങൾ തുറക്കുകയും പ്രവേശന കവാടങ്ങളിൽ ആളുകൾക്ക്​ സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ആരോഗ്യ മുൻകരുതൽ ഉറപ്പുവരുത്താൻ കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്​തിരുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജുമുഅ നമസ്​കരിക്കാൻ ആവശ്യമായ എല്ലാ ​സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹറമിനകവും പുറവും ദിവസവും 10​ തവണ ശുചീകരിക്കുന്നതിനും അണുമുക്തമാക്കുന്നതിനും പുരുഷന്മാരും സ്​ത്രീകളുമായി 4,000 തൊഴിലാളികളെ നിശ്ചയിച്ചിരുന്നു. സംസം വിതരണത്തിനും ശുചീകരണ ജോലികൾക്കും കാർപ്പെറ്റുകൾ ഒരുക്കുന്നതിനും കൂടുതൽ പേരെ നിയോഗിച്ചിരുന്നു. ജുമുഅക്കിടയിൽ വിതരണത്തിനായി 50,000 കുപ്പി സംസം ഒരുക്കി. ഒരു ലക്ഷം ലിറ്റർ സംസം ജലം നിറച്ച കണ്ടെയ്​നറുകൾ സ്ഥാപിക്കുകയും ചെയ്​തു.



മദീനയിലെ മസ്​ജിദുന്നബവിയിലും സ്വദേശികളും വിദേശികളും സന്ദർശകരുമായി ലക്ഷങ്ങളാണ്​ ഇന്നലെ ജുമുഅ നമസ്​കരിച്ചത്​. മസ്​ജിദുൽ ഹറാമിൽ ഡോ. മാഹിർ അൽമുഅയ്​ഖിലിയും മസ്​ജിദുന്നബവിയിൽ ശൈഖ്​ അബ്​ദുല്ല ബിൻ അബ്​ദുറഹ്​മാൻ അൽബുഅയ്​ജാനുമാണ്​ ജുമുഖ ഖുതുബക്കും നമസ്​കാരത്തിനും നേതൃത്വം നൽകിയത്​. വെള്ളിയാഴ്​ച ഇരുഹറമുകളിലെത്തുന്നവർക്ക്​ ജുമുഅ നമസ്​കരിക്കാൻ മുഴുവൻ നമസ്​കാര സ്ഥലങ്ങളും ഒരുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ വ്യാഴാഴ്​ച നി​ർദേശം നൽകിയിരുന്നു. ഇരുഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിക്കാനുള്ള തീരുമാനം വന്ന ശേഷമുള്ള ആദ്യ ജുമുഅ ആണ്​. എല്ലാ സേവനങ്ങളും ഒരുക്കുകയും സേവനങ്ങളുടെ മേന്മ ഉറപ്പുവരുത്തുകയും വേണമെന്ന്​ ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടിരുന്നു. ഇൗ അവസരം മഹത്തരമാണെന്നും കോവിഡിനു ശേഷം ദൈവത്തിൽ നിന്നുള്ള ആശ്വാസമാണിതെന്നും ഇരുഹറം കാര്യാലയ മേധാവി സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - Masjid al-Haram news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.