മത്സ്യബന്ധന മേഖലയിലെ സ്വദേശിവത്​കരണം: ക്രമീകരണങ്ങൾ പൂർത്തിയാകുന്നു

യാമ്പു: സൗദിയിൽ മത്സ്യബന്ധന മേഖലയിൽ സ്വദേശിവത്​കരണം നടപ്പാക്കാനിരിക്കെ ഫിഷിങ്​ ഹാർബറുകളിൽ അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. മത്സ്യ ബന്ധനത്തിന്​ കടലിൽ പോകുന്ന ബോട്ടുകളിൽ ആദ്യഘട്ടത്തിൽ ഒരു സൗദി ജീവനക്കാരനെങ്കിലും ഉണ്ടാകണമെന്നാണ് നിർദേശം. സെപ്റ്റംബർ 30 മുതൽ നിയമം കർശനമായി നടപ്പാക്കുമെന്ന് ജല വിഭവ മന്ത്രാലയ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിട്ടുണ്ട്​. സ്വദേശികൾക്ക് മത്സ്യബന്ധന മേഖലയിൽ കൂടി കൂടുതൽ തൊഴിലവസരം ഉണ്ടാക്കുകയാണ് ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്. താൽപര്യമുള്ള സ്വദേശികൾക്ക്​ ബോട്ടുകളിൽ അവസരം നൽകുന്നുണ്ടെങ്കിലും പുതു തലമുറയിലെ യുവാക്കൾ ഈ രംഗത്തേക്ക് കടന്നു വരാൻ വിമുഖത കാട്ടുന്നതായി വിലയിരുത്തപ്പെടുന്നു. മറ്റു പല ജോലികളെക്കാൾ കൂടുതൽ ദുഷ്‌കരമായ മേഖലയാണിത്. മതിയായ വരുമാനം ലഭിക്കാത്തതിനാലും ദിവസങ്ങളോളം കുടുംബത്തെ വിട്ട് നിന്ന് നടുക്കടലിൽ കഴിയേണ്ടതിനാലും മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യാൻ സൗദി യുവാക്കൾ തയ്യാറാകുന്നില്ല. സൗദി ജീവനക്കാരില്ലാത്ത ബോട്ടുകൾ കടലിലിറങ്ങാൻ ഒക്ടോബർ ഒന്ന് മുതൽ അനുവാദം കൊടുക്കില്ല. പുതിയ ബോട്ടുകൾക്ക് ലൈസ ൻസ് ലഭിക്കാനും സൗദി ജീവനക്കാരുടെ സാന്നിധ്യം നിർബന്ധമാകും. നിലവിൽ മത്സ്യ വിപണി വലിയ മാന്ദ്യത്തി​​​െൻറ പിടിയിലാണ്.


മത്സ്യത്തി​​​െൻറ ലഭ്യത കഴിഞ്ഞകാലങ്ങളേക്കാൾ ഏറെ കുറഞ്ഞിരിക്കുകയാണ്​. യാമ്പു മത്സ്യബന്ധന മേഖലയിൽ പാരമ്പര്യമായി തൊഴിലെടുത്ത് വന്ന ചെറിയ വിഭാഗം സ്വദേശികളൊഴിച്ച് കൂടുതലും ബംഗ്ലാദേശികളാണ്​. ബോട്ട് ഡ്രൈവർമാരിൽ മലയാളികളും ഉണ്ട്. യാമ്പു മത്സ്യ മാർക്കറ്റിൽ വിൽപന നടത്തുന്നവരിലും ഏറെ മലയാളികൾ ഉണ്ട്. സ്വദേശി ജീവനക്കാരുടെ കുറവ് നിമിത്തം നിരവധി ബോട്ടുകൾ ഇപ്പോൾ തന്നെ കടലിലിറക്കാൻ പറ്റുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നിയമം കർശനമാകുമ്പോൾ ഈ മേഖലയിൽ ജോലിയെടുത്തിരുന്ന ധാരാളം വിദേശികൾക്ക് തൊഴിൽ നഷ്​ടമാകും. മത്സ്യവരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും വിദേശ കുടുംബങ്ങളുടെ തിരിച്ചു പോക്കിൽ മത്സ്യ വിപണി പൊതുവെ മാന്ദ്യത്തി​​​െൻറ പിടിയിലാണെന്നും ഈ മേഖലയിൽ ജോലി ചെയ്യുന്ന മണ്ണാർക്കാട് സ്വദേശികളായ മമ്മു, അഫ്സൽ, മുസ്തഫ എന്നിവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്‌പോൺസറുടെ കീഴിൽ തന്നെ മത്സ്യവിൽപന നടത്തുന്നതിനാൽ ഈ രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യാമ്പുവിലെ മലയാളികൾ.


മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളിൽ സ്വദേശികൾക്ക് പരിശീലനം നൽകാൻ ബന്ധപ്പെട്ടവർ നീക്കമാരംഭിച്ചിട്ടുണ്ട്.
മത്സ്യ ബന്ധന മേഖലയിലേയും തുറമുഖത്തെയും വിവിധ ജോലികളിൽ മികവുള്ളവരെ വാർത്തെടുക്കലാണ് ലക്ഷ്യം. ദേശീയ പരിവർത്തന പദ്ധതി 2020 തി​​​െൻറ ഭാഗമായി പുതിയ തൊഴിൽ മേഖലകളിലേക്ക് സ്വദേശികളെ നിയമിക്കാനാണ് സൗദി ഭരണകൂടം മുന്നൊരുക്കം നടത്തുന്നത്.

Tags:    
News Summary - malsyabhandana mekhala news-saud-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.