ദമ്മാം: രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം ഖതീഫ് സെൻട്രൽ ആശുപത്രി മോര്‍ച്ചറിയില്‍. ഇത്രയും കാലത്തിനിടക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ച് എത്താതിനാല്‍ പൊലീസ് ദമ്മാമിൽ ഖബറടക്കാൻ ഒരുങ്ങുന്നതായാണ് വിവരം. കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് മൃതദേഹത്തിെൻറ പാസ്‌പോർട്ടിലുള്ള വിശദാംശങ്ങൾ. അൽഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ 10 ന് അൽഖോബാര്‍ അല്‍ഫഹ്‌രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചാം ദിവസം മരണപ്പെടുകയുമായിരുന്നു. മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിനോ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ടി സ്‌പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പാസ്‌പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.
ജവാസാത്തില്‍ നിന്നും ശേഖരിച്ച വിവര പ്രകാരം 22 വര്‍ഷങ്ങൾക്ക് മുമ്പാണ് ഇയാള്‍ സൗദിയിലെത്തിയത്. 12 വര്‍ഷം മുമ്പാണ് ഇയാള്‍ ഏറ്റവും ഒടുവില്‍ റീ- എൻട്രി വിസയില്‍ അവധിയില്‍ പോയതായി രേഖകളിലുള്ളത്. കോഴിക്കോട് ജില്ലക്കാരനാണെന്നാണ് പാസ്‌പോര്‍ട്ട് രേഖയിലുള്ളതെങ്കിലും ഇയാള്‍ കാസർകോട് സ്വദേശിയായാണ് അറിയപ്പെട്ടിരുന്നത്. കാസർകോട്ട് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആറുമാസത്തോളം അൽരാജിഹ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ട് ഖതീഫ് സെൻട്രൽ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.
മാസങ്ങളായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍ ജീവനക്കാര്‍ക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നറിയിച്ച് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ഖബറടക്കാൻ വൈകുന്നതിെൻറ പേരില്‍ ഉത്തരവാദപ്പെട്ട സ്‌പോണ്‍സറുടെ കംപ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തിരുന്നു. ഇതിനു മുമ്പും മാധ്യമങ്ങളില്‍ വിവരം നല്‍കിയിരുന്നെങ്കിലും ആരും അന്വേഷിച്ച് വന്നില്ല.
ഇനിയും മൃതദേഹം സൂക്ഷിക്കാന്‍ സാധ്യമെല്ലന്നും 10 ദിവസത്തിനകം കോയമൂച്ചിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കണമെന്നുമാണ് പൊലീസിെൻറ ആവശ്യം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയിലോ
0569956848 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന്് നാസ് വക്കം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.