ജിദ്ദ-മക്ക എക്സ്പ്രസ് റോഡിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന മക്ക കവാടം
ജിദ്ദ: ജിദ്ദ-മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. അടുത്തിടെയാണ് മക്ക മുനിസിപ്പാലിറ്റി വിശുദ്ധ ഗ്രന്ഥത്തിന്റെ മാതൃകയിൽ രൂപകൽപന ചെയ്ത ജിദ്ദ മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. കവാടത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവ നീക്കം ചെയ്തു നന്നാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു. അഴുക്ക് നീക്കംചെയ്യുക, പരിസര ശുചിത്വം നിലനിർത്തുക, കീടങ്ങളുടെയും പ്രാണികളുടെയും ശേഖരണം തടയുക, ഇലക്ട്രിക്കൽ കണക്ഷനുകളുടെ സുരക്ഷ പരിശോധിക്കൽ എന്നിവയും അറ്റകുറ്റപ്പണികളിലുൾപ്പെടുന്നു.
നഷ്ടപ്പെട്ട ഭാഗങ്ങൾ ജി.ആർ.സി പാനലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഭാരം കുറഞ്ഞ ഷീറ്റ് മെറ്റലാണ് ഉപയോഗിക്കുക. അത് വീഴാതിരിക്കാനും എല്ലാ കാലാവസ്ഥയെയും നേരിടാനുള്ള ശേഷിയും ഉറപ്പാക്കും. പക്ഷികൾ കൂടുകൂട്ടാതിരിക്കാൻ എല്ലാ ദ്വാരങ്ങളും അടക്കും. കവാടത്തിന്റെ സൗന്ദര്യാത്മക രൂപം നിലനിർത്തുമെന്നും വക്താവ് പറഞ്ഞു. 1983ൽ സൗദി ആർട്ടിസ്റ്റ് ദിയ അസീസാണ് മക്ക കവാടം രൂപകൽപന ചെയ്തത്. 4712 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാലു കോടി 60 ലക്ഷം ചെലവഴിച്ചാണ് ഇത് നിർമിച്ചത്. കവാടത്തിന് 153 മീറ്റർ നീളവും 31 മീറ്റർ വീതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.