പ്രതീകാത്മക ചിത്രം
മദീന: സൗദിയിൽ മദീനക്കടുത്ത് ഇന്നലെ രാത്രി ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് 45 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിൽ ഇന്ത്യയിൽ നിന്നും വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് അപകടത്തെ തുടർന്ന് തീപിടിക്കുകയായിരുന്നു. ഡ്രൈവടക്കം 46 പേരാണ് ബസിലുണ്ടായിരുന്നത്. 24 കാരൻ ഹൈദരാബാദ് സ്വദേശിയായ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ അധികപേരും ഹൈദരാബാദ് സ്വദേശികളാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, ആന്ധ്രാപ്രദേശ് മാനവ വിഭവശേഷി വികസന മന്ത്രി നര ലോകേഷ്, ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് അസദ് അൻസാരി, അസദുദ്ദീൻ ഒവൈസി എം.പി, സുപ്രിയ സുലെ എം.പി, ദൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ, തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ സയിദ് അസ്മതുല്ലാഹ് ഹുസൈനി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ആന്ധ്രാപ്രദേശ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് വൈ.എസ് ശർമിള, ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നദ്‌വി, എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, നടൻ ചിരഞ്ജീവി, റിയാദിലെ ഇന്ത്യൻ എംബസി, ഡൽഹിയിലെ ഇറാൻ എംബസി തുടങ്ങിയവവർ അപകടത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
സംഭവത്തിൽ ആദ്യം 42 പേർ മരിച്ചതായായിരുന്നു വിവരം. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ 45 ആയി ഉയർന്നു. ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ പറയുന്നതനുസരിച്ച്, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള രണ്ട് ഉംറ സർവിസ് സ്ഥാപനങ്ങളായ മല്ലേപ്പള്ളിയിലെ അൽമദീന ടൂർസ് ആൻഡ് ട്രാവൽസ്, മെഹ്ദി പട്ടണത്തെ ഫ്‌ളൈസോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നിവക്ക് കീഴിൽ നവംബർ ഒമ്പതിന് ജിദ്ദയിലേക്ക് യാത്ര തിരിച്ച 53 പേരിൽ 45 പേരാണ് അപകടത്തിൽപെട്ട ബസിലുണ്ടായിരുന്നത്. നാല് പേർ കാറിൽ മദീനയിലേക്ക് പോവുകയും നാല് പേർ മക്കയിൽ തങ്ങുകയും ചെയ്തിരുന്നു.
മദീനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ മുഫ്‌രിഹത്ത് എന്ന സ്ഥലത്താണ് ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചത്. ഡ്രൈവടക്കം അപകടത്തിൽപെട്ട 46 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. നവംബർ 23ന് സംഘം ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം. മൃതദേഹങ്ങൾ മദീനയിലെ കിങ് ഫഹദ്, മീഖാത്ത്, കിങ് സൽമാൻ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അവശിഷ്ടങ്ങളുടെ അവസ്ഥ കാരണം പെട്ടെന്നുള്ള തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്നും പിശകുകൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ അതീവ ശ്രദ്ധയോടെ പിന്തുടരുന്നുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ച കുടുംബങ്ങളിൽ നിന്നും ചുരുങ്ങിയത് ഒരാളെയെങ്കിലും സൗദിയിലേക്ക് അയക്കുമെന്ന് തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ധീൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽപെട്ട പലരും ഹൈദരാബാദിലെ നമ്പള്ളി നിവാസികളാണ്. ദുരിതബാധിതരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി താൻ സൗദിയിലേക്ക് പോകുമെന്ന് നമ്പള്ളി എം.എൽ.എ മുഹമ്മദ് മാജിദ് ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.