ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം: ആദ്യസംഘം ഇന്ത്യൻ ഹാജിമാർ നാളെ മദീനയിലെത്തും

മദീന: ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യസംഘം നാളെ (ശനി) സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർത്ഥാടകരുമായി എത്തുന്ന ആദ്യ വിമാനം സൗദി സമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം രാവിലെ 11) മദീന കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, എംബസി-കോൺസുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ, സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിലെ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആദ്യസംഘത്തെ സ്വീകരിക്കും. മുംബൈയ്ക്ക് പുറമെ ഗുഹാവത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി 10 വിമാനങ്ങൾ നാളെ തീർത്ഥാടകരുമായി മദീനയിലേക്ക് സർവിസ് നടത്തുന്നുണ്ട്.

ഇതോടൊപ്പം ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാരും നാളെ മുതൽ മക്കയിലേക്കും മദീനയിലേക്കും എത്തിത്തുടങ്ങും. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

മദീനയിൽ എത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് മസ്ജിദുന്നബവിക്ക് സമീപമുള്ള ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്. എട്ടു ദിവസം മദീനയിൽ ചെലവഴിക്കുന്ന ഇവർ പ്രവാചക നഗരിയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമങ്ങൾക്ക് ശേഷം ജിദ്ദ വഴിയായിരിക്കും ഇവരുടെ മടക്കയാത്ര.

അതേസമയം, സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തുന്ന മലയാളി ഹാജിമാർ നാളെ ജിദ്ദ വഴി മക്കയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാരുടെ ആദ്യസംഘം ഈ മാസം 30-ന് കൊച്ചിയിൽ നിന്ന് ജിദ്ദ വഴി മക്കയിലെത്തും. ഹജ്ജിന് ശേഷമായിരിക്കും ഇവരുടെ മദീന സന്ദർശനം. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ മക്കയിലും മദീനയിലും ഇന്ത്യൻ ഹജ്ജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ഹാജിമാരെ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 600-ഓളം ഉദ്യോഗസ്ഥർ നേരത്തെ തന്നെ പുണ്യനഗരങ്ങളിൽ എത്തിയിട്ടുണ്ട്. കൂടാതെ വിവിധ മലയാളി സന്നദ്ധ സംഘടനകളും ഹാജിമാരെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.

Tags:    
News Summary - Hajj pilgrimage begins: The first batch of Indian pilgrims will arrive in Medina tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.