റിയാദ്: അറബ് സർവകലാശാലകളുടെ അസോസിയേഷൻ പുറത്തിറക്കിയ അറബ് സർവകലാശാല റാങ്കിങ്ങിൽ റിയാദിലെ കിങ് സഊദ് സർവകലാശാല തുടർച്ചയായ മൂന്നാം വർഷവും അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടി. കിങ് സഊദ് സർവകലാശാലയുടെ അക്കാദമിക് മികവ്, വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലുമുള്ള നേതൃത്വം, പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ തുടർച്ചയായ നേട്ടങ്ങൾ എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം, പ്രാദേശിക, അന്തർദേശീയ സഹകരണം, കമ്യൂണിറ്റി സേവനം എന്നീ മേഖലകളിലെ സർവകലാശാല പ്രകടനത്തിന്റെ സമഗ്രമായ വിലയിരുത്തലിനുശേഷമാണ് 2025ലെ അറബ് സർവകലാശാല റാങ്കിങ്ങുകൾ പ്രഖ്യാപിച്ചത്.
അക്കാദമിക്, ഗവേഷണ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും അറബ് സർവകലാശാലകളിലെ വിദ്യാർഥികൾക്കും, ഫാക്കൽറ്റി അംഗങ്ങൾക്കും, തീരുമാനമെടുക്കുന്നവർക്കും പ്രധാന ഉറവിടമായി വർത്തിക്കുന്നതിനും റാങ്കിങ്ങുകൾ ലക്ഷ്യമിടുന്നു
മികച്ച പത്ത് അറബ് സർവകലാശാലകളുടെ പട്ടികയിൽ കിങ് സഊദ് സർവകലാശാലക്ക് തൊട്ടുപിന്നാലെ യു.എ.ഇ സർവകലാശാല ആണ്. തൊട്ടടുത്ത സ്ഥാനങ്ങളിലായി ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാല, ജോർദാൻ സർവകലാശാല, അബൂദബി സർവകലാശാല, കിങ് ഖാലിദ് സർവകലാശാല, കയ്റോ സർവകലാശാല, ഷാർജ സർവകലാശാല, തുനീഷ്യ അൽ മനാർ സർവകലാശാല, ഐനു ഷംസ് സർവകലാശാല എന്നിവയാണ്.
ഈ വർഷത്തെ റാങ്കിങ്ങിൽ ഗണ്യമായ പുരോഗതി ഉണ്ടായതായി അസോസിയേഷൻ അഭിപ്രായപ്പെട്ടു.
20 അറബ് രാജ്യങ്ങളിൽ നിന്നുള്ള 236 സർവകലാശാലകൾ, കഴിഞ്ഞ വർഷത്തേക്കാൾ 56 സർവകലാശാലകളുടെ വർധന, നാല് പുതിയ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.