കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലെത്തിയ ദേശാടനപക്ഷികൾ

കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് അപൂർവ ദേശാടനപക്ഷികളുടെ സങ്കേതമായി മാറുന്നു

യാംബു: സൗദിയിൽ ദേശാടന പക്ഷികളുടെ സീസൺ ആരംഭിച്ചതോടെ രാജ്യത്തെ വടക്കൻ പ്രവിശ്യയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് വംശ നാശഭീഷണി നേരിടുന്ന ദേശാടന പക്ഷികളുടെ അപൂർവ സങ്കേതമായി മാറിയിരിക്കുകയാണ്.

റോയൽ റിസർവിലെ ഫീൽഡ് ടീമുകൾ നടത്തിയ സർവേയിൽ പ്രദേശത്തെ അഞ്ച് സ്ഥലങ്ങളിൽ ഒന്നിൽ 300 ലധികം വലിയ വെള്ള പെലിക്കനുകളെ കണ്ടെത്തി. തെക്കൻ രാജ്യങ്ങളിലേക്ക് ശൈത്യകാല ദീർഘയാത്ര തുടരുന്ന ഇവകൾ റിസർവിൽ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ സാധാരണ കാണാറുള്ള ദേശാടന പക്ഷികളായ ഹെറോൺ, കഴുകൻ, ഹൗബറ എന്നിവയുൾപ്പെടെ 290 ലധികം ഇനങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. റിസർവിലെ പരിസ്ഥിതി പ്രവർത്തകർ ഇവിടെ പാരിസ്ഥിതിക പദ്ധതികൾ നടപ്പിലാക്കുന്നതിനും ഈ ജീവിവർഗങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി പ്രധാന ദേശാടന സ്ഥലങ്ങൾ നിരീക്ഷിച്ചിരുന്നു.

അന്താരാഷ്ട്രതലത്തിൽ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിരിക്കുന്ന 26 ഇനം പക്ഷികൾക്ക് ഈ റിസർവ് ആവാസ കേന്ദ്രമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ശരത്കാലത്ത് എത്തുന്ന പക്ഷികൾക്കുള്ള രാജ്യത്തെ പ്രഥമ താവളങ്ങളിൽ ഒന്നാണിത്. വസന്തകാലത്ത് ദേശാടനപക്ഷികൾ വടക്കോട്ട് പോകുന്നതിന് മുമ്പുള്ള വാസത്തിന് പ്രദേശത്തെത്തുന്നു. 2018 ജൂണിൽ പ്രത്യേക റോയൽ ഉത്തരവിലൂടെയാണ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് സ്ഥാപിച്ചത്. സൗദിയിലെ വടക്കൻ പ്രവിശ്യയിലെ തബൂക്ക്, അൽ ജൗഫ്, ഹാഇൽ എന്നീ നഗരങ്ങളെ ഏകോപിപ്പിച്ചായിരുന്നു രൂപീകരണം. ദേശാടന പക്ഷികളുടെ പ്രധാന കേന്ദ്രമായി മാറിയ റിസർവിൽ അറേബ്യൻ ഒറിക്‌സ്, മാനുകൾ, പുള്ളിപ്പുലികൾ എന്നിവയുൾപ്പെടെ 1200 ലേറെ വന്യ ജീവികളെയും പുനരധിവസിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - King Salman bin Abdulaziz Royal Reserve becomes a haven for rare migratory birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.