ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട്
റിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ) ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഒമ്പതാം പതിപ്പ് (എഫ്.ഐ.ഐ 9) ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് വേദിയാകുമെന്ന് പ്രഖ്യാപനം. ഒക്ടോബർ 27 മുതൽ 30 വരെ റിയാദിൽ നടക്കുന്ന ഉച്ചകോടിയിൽ 600 ലധികം ആഗോള പ്രഭാഷകരും 20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പങ്കെടുക്കും. നിക്ഷേപം, നവീകരണം, ആഗോള പുരോഗതി എന്നിവയുടെ സംഗമസ്ഥാനത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വേദിയായി 'എഫ്.ഐ.ഐ 9' നെ ഇത് അടയാളപ്പെടുത്തുന്നു.
'സമൃദ്ധിയുടെ താക്കോൽ' എന്ന പ്രമേയത്തിലാണ് 'എഫ്.ഐ.ഐ 9' നടക്കുക. ലോക നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, സി.ഇ.ഒമാർ, നവീകരണ വിദഗ്ധർ തുടങ്ങിയവർ ഒരുമിച്ച് ചേർന്ന് ആഗോള സമൃദ്ധിക്കായുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യും. 'സമൃദ്ധി എന്നത് രാഷ്ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളുടെയും വ്യക്തികളുടെയും പൊതുവായ അഭിലാഷമാണ്' എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ആക്ടിംഗ് സി.ഇ.ഒയുമായ റിച്ചാർഡ് അറ്റിയാസ് പറഞ്ഞു. 600 ലധികം പ്രഭാഷകരുടെയും 20 രാഷ്ട്രത്തലവന്മാരുടെയും സാന്നിധ്യം, സുസ്ഥിര വളർച്ച, സാങ്കേതിക നവീകരണം, മാനവ വികസനം എന്നിവയുടെ അടുത്ത യുഗത്തെ നിർവചിക്കുന്ന പ്രവർത്തനക്ഷമമായ തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള അടിയന്തിര ആവശ്യകതയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലെ സമഗ്ര വളർച്ച, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും പുതിയ സാങ്കേതികവിദ്യകളും ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തൽ, കാലാവസ്ഥാ പ്രതിരോധശേഷിയും സുസ്ഥിര ഊർജ്ജ സംക്രമണവും മെച്ചപ്പെടുത്തൽ, സംരംഭകത്വം, നവീകരണം, അടുത്ത തലമുറയിലെ പ്രതിഭകൾ എന്നിവയ്ക്ക് കരുത്തേകൽ, ആഗോള ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും ഇടയിൽ പാലങ്ങൾ നിർമിച്ച് തുല്യതയും അവസരവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള പൗരന്മാർക്ക് സമൃദ്ധിയുടെ താക്കോൽ തുറക്കുന്നതിനും, പ്രായോഗിക പരിഹാരങ്ങൾ, ആഗോള പങ്കാളിത്തം, മാനവികതയ്ക്ക് സേവനം ചെയ്യുന്ന പരിവർത്തന നിക്ഷേപങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും 'എഫ്.ഐ.ഐ 9' ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.