കേളി കലാസാംസ്കാരിക വേദി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരത്തിന് അർഹരായ വിദ്യാർഥികൾ
റിയാദ്: കേളി കല സാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം ‘പ്രതീക്ഷ’യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ പരിപാടി ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു. ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് അവർ പറഞ്ഞു. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ കൂട്ടിച്ചേർത്തു.
10-ാം ക്ലാസിലെയും പ്ലസ്ടുവിലെയും ഉപരിപഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽനിന്നും പ്ലസ്ടുവിലെ 11 കുട്ടികളും 10-ാം ക്ലാസിലെ എട്ട് കുട്ടികളുമടക്കം 19 വിദ്യാർഥികളാണ് അവാർഡിന് അർഹത നേടിയത്. ക്യാഷ് അവാർഡും ഫലകവുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽനിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ സംസാരിച്ചു. ആക്റ്റിങ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രതീക്ഷ 2025 കോഓഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.