സമുദ്രാതിർത്തിയിൽ എണ്ണയും അപകടകരമായ വസ്തുക്കളും ചോരുന്നത് തടയുന്നതിനും പരിഹാരത്തിനുമായി ആസൂത്രണം ചെയ്ത ‘ഇസ്തിജാബ 25’ ദേശീയ അഭ്യാസപ്രകടനത്തിന് സന്നദ്ധമായ സംഘം
സമുദ്രാതിർത്തികളിൽ എണ്ണ-വാതക ചോർച്ച തടയാൻ ‘ഇസ്തിജാബ 25’
ദമ്മാം: സൗദി അറേബ്യൻ സമുദ്രാതിർത്തികളിൽ എണ്ണയും മറ്റ് അപകടകരമായ പദാർത്ഥങ്ങളും ചോരുന്നത് തടയുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനുമായുള്ള ‘ഇസ്തിജാബ 25’ (റെസ്‌പോൺസ് 25) ദേശീയ അഭ്യാസപ്രകടനം കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ചു. 51 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ചൊവ്വാഴ്ച വിപുലമായ ഈ സംയുക്ത പരിശീലനത്തിന് തുടക്കമിട്ടത്.
വിവിധ ഏജൻസികൾ തമ്മിലുള്ള പരസ്പര ഏകോപനം ശക്തമാക്കുക, അടിയന്തര ഘട്ടങ്ങളിൽ ദേശീയ ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷി വിലയിരുത്തുക എന്നിവയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. സൗദിയുടെ തീരപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ദേശീയ പരിശീലനങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് കിഴക്കൻ മേഖലയെ ആദ്യ ഘട്ടത്തിനായി തെരഞ്ഞെടുത്തതെന്ന് ഔദ്യോഗിക വക്താവ് സാദ് അൽ മുത്രാഫി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ദേശീയ പ്രതികരണ സംവിധാനത്തിെൻറ ഫലപ്രാപ്തി ഉറപ്പാക്കുക, വിവര കൈമാറ്റത്തിെൻറ വേഗതയും കാര്യക്ഷമതയും വിലയിരുത്തുക, എണ്ണച്ചോർച്ച തടയുന്നതിനുള്ള മുൻകരുതലുകൾ മെച്ചപ്പെടുത്തുക എന്നിവയ്ക്കും ഇതിലൂടെ മുൻഗണന നൽകുന്നു.
‘ദാരിൻ ആൻഡ് താറൂത് ഐലൻഡ് ഡെവലപ്‌മെൻറ് കോർപ്പറേഷനു’മായി സഹകരിച്ചാണ് ഈ ഫീൽഡ് അഭ്യാസം സംഘടിപ്പിക്കുന്നത്. രാജ്യത്തിെൻറ സമുദ്രാതിർത്തികൾ, ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം, താറൂത് ദ്വീപിെൻറ തീരപ്രദേശങ്ങൾ എന്നിവിട കേന്ദ്രീകരിച്ചാണ് പ്രധാന പരിശീലനങ്ങൾ നടക്കുന്നത്.
ദേശീയ പദ്ധതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സാഗര ആവാസവ്യവസ്ഥകൾ, സുപ്രധാന സാമ്പത്തിക മേഖലകൾ, തീരദേശ ജനവാസ കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കാൻ പങ്കാളിത്ത ഏജൻസികൾ എത്രത്തോളം പ്രാപ്തമാണെന്ന് ഈ അഭ്യാസം വഴി വിലയിരുത്തും. ഇത് രാജ്യത്തിെൻറ പാരിസ്ഥിതികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാൻ സഹായകരമാകും.
‘നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസി’െൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. യഥാർത്ഥ അടിയന്തര സാഹചര്യങ്ങൾക്ക് സമാനമായ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചാണ് സജ്ജീകരണങ്ങളുടെ ഏകോപനവും സംയോജനവും പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.