ദമ്മാമിൽ പൂർത്തിയാകുന്ന അരാംകോ സ്റ്റേഡിയം
അൽ ഖോബാർ അരാംകോ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിൽ: നവംബറിൽ ഉദ്ഘാടനം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിന് വടക്ക് വിമാനത്താവള റോഡിലെ റാക്ക സ്പോർട്സ് സിറ്റിയിൽ നിർമാണം പൂർത്തിയാകുന്ന ബഹുമുഖ അരാംകോ സ്റ്റേഡിയം നവംബറിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
2027 ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഏഴ് വരെ നടക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ (എ.എഫ്.സി) 19-ാമത് ഏഷ്യൻ കപ്പ് അന്താരാഷ്ട്ര പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ് സ്റ്റേഡിയത്തിൽ ആദ്യമായി അരങ്ങേറുക. 24 ദേശീയ ടീമുകൾ മത്സരിക്കുന്ന ടൂർണമെൻറിന് പുറമേ, 2034-ൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിെൻറ സെമിഫൈനൽ പോരാട്ടത്തിനും ഈ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയും സമൂഹവും സംസ്കാരവും വൈവിധ്യവത്കരിക്കുന്നതിനായി സൗദി സർക്കാരും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്ന് 2016 ഏപ്രിൽ 25-ന് പ്രഖ്യാപിച്ച ‘സൗദി വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം ഉയർന്നുവരുന്നത്. കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ കായിക സമുച്ചയമായ ഈ സ്റ്റേഡിയത്തിൽ 47,000 പേർക്ക് ഒരേസമയം കളി കാണാൻ സാധിക്കും.
റോഷൻ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം, സൗദി പ്രോ ലീഗ് ടീമായ ‘അൽ ഖാദ്സിയ എഫ്.സി’യുടെ പുതിയ ഹോം ഗ്രൗണ്ടായി പ്രവർത്തിക്കും. ഇതോടെ അമീർ മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നിന്ന് അൽ ഖാദ്സിയ തങ്ങളുടെ തട്ടകം ഇങ്ങോട്ട് മാറ്റും. 2024 ജൂലൈ 31-നാണ് അൽ ഖോബാറിൽ പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതി സൗദി അരാംകോ പ്രഖ്യാപിച്ചത്.
3,70 കോടി സൗദി റിയാൽ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 25 വർഷത്തെ കരാർ പ്രകാരം സൗദി അരാംകോയാണ് സ്റ്റേഡിയത്തിെൻറ നടത്തിപ്പ് ചുമതല വഹിക്കുന്നത്. സ്റ്റേഡിയത്തിെൻറ വാണിജ്യപരമായ പ്രവർത്തനങ്ങളും പരിപാലനവും കൈകാര്യം ചെയ്യുന്നതിനായി ഇൗ വർഷം ഏപ്രിൽ 13-ന് അരാംകോ ‘അരാംകോ സ്റ്റേഡിയം കമ്പനി’ എന്ന ഉപകമ്പനിക്കും രൂപം നൽകിയിട്ടുണ്ട്.
പ്രമുഖ വാസ്തുശില്പ സ്ഥാപനമായ ‘പോപ്പുലസ്’ ആണ് എട്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറേബ്യൻ ഉൾക്കടലിലെ സ്വാഭാവിക ജലച്ചുഴികളുടെയും പരമ്പരാഗത പായക്കപ്പലുകളുടെയും രൂപ മാതൃകകൾ സമന്വയിപ്പിച്ച് ഒരു ചുഴിയുടെ ആകൃതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അത്യാധുനിക കാലാവസ്ഥാ നിയന്ത്രണ സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
കായിക മത്സരങ്ങൾക്ക് പുറമേ കല, സംസ്കാരം, വിനോദം എന്നിവ സമന്വയിപ്പിച്ച് വർഷം മുഴുവൻ ആളുകളെ ആകർഷിക്കുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കത്തക്കവിധമാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ കായിക പുരോഗതിയുടെ പുതിയ മേൽവിലാസമായി മാറും ഈ സ്റ്റേഡിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.