കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
രാജ്യസുരക്ഷയും പരമാധികാരവും സംരക്ഷിക്കും; ഹൂതി അക്രമങ്ങളെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ
ജിദ്ദ: സൗദി അറേബ്യയുടെ സുരക്ഷയും ഭൗമശാസ്ത്രപരമായ പരമാധികാരവും ജനങ്ങളുടെ സംരക്ഷണവും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത അടിസ്ഥാന തത്വമാണെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. രാജ്യത്തെ സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന ആസൂത്രിത ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി പരമാധികാരവും പൗരന്മാരെയും പ്രവാസികളെയും രാജ്യത്തിെൻറ സുപ്രധാന താൽപ്പര്യങ്ങളെയും സംരക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള രാജ്യത്തിെൻറ നിയമാനുസൃത അവകാശം കൗൺസിൽ എടുത്തുപറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളും അവലോകനങ്ങളും ഉണ്ടായത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചും യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളെക്കുറിച്ചും കിരീടാവകാശി മന്ത്രിസഭയെ ധരിപ്പിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി.
മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും നിലനിർത്താൻ സൗദി നടത്തുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി വിശദീകരിച്ചു. സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്തിയും ആഗോള വെല്ലുവിളികളെ സംയുക്തമായി നേരിടാനാണ് സൗദി ലക്ഷ്യമിടുന്നത്.
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലെ സൗദിയുടെ പങ്കാളിത്തവും അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ (ഐ.എ.ഇ.എ) 70-ാമത് ജനറൽ കോൺഫറൻസിൽ നടത്തിയ പ്രഖ്യാപനങ്ങളും കൗൺസിൽ അവലോകനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികൾ പാലിച്ചുകൊണ്ട് ആണവോർജ്ജം ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകൾ ഉൾപ്പെടുത്തി കൂടുതൽ കരുത്തുറ്റതും സുസ്ഥിരവുമായ ദേശീയ ഊർജ്ജ മിശ്രിതം നിർമിക്കാൻ രാജ്യം മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
സൗദി അറേബ്യ വേദിയാകുന്ന നാലാമത് യുനെസ്കോ ഗ്ലോബൽ ഫോറം ഓൺ ദി എത്തിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ പങ്കാളികളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഉത്തരവാദിത്തമുള്ളതും ധാർമികവുമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിെൻറ പ്രതിബദ്ധത ഇതിലൂടെ പ്രതിഫലിക്കുന്നു.
സുപ്രധാന തീരുമാനങ്ങളും അംഗീകാരങ്ങളും
1. ദേശീയ സംരംഭകത്വ സ്ട്രാറ്റജി: സംരംഭകത്വത്തിനും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുമുള്ള ദേശീയ സ്ട്രാറ്റജിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
2. നിക്ഷേപ, പഠന മേഖലകളിലെ സഹകരണം: അയർലൻഡുമായി നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹനത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ നിക്ഷേപ മന്ത്രിക്കും, ബഹ്‌റൈൻ സെൻറർ ഫോർ സ്ട്രാറ്റജിക്, ഇൻറർനാഷനൽ ആൻഡ് എനർജി സ്റ്റഡീസുമായി സഹകരിക്കുന്നതിന് കിങ് ഫഹദ് നാഷനൽ ലൈബ്രറി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ചുമതല നൽകി.
3. ഇൻഷുറൻസ് സഹകരണം: കുവൈത്ത് ഇൻഷുറൻസ് റഗുലേറ്ററി യൂനിറ്റുമായി സഹകരണത്തിനും വിവരങ്ങൾ കൈമാറുന്നതിനുമുള്ള ധാരണാപത്ര ചർച്ചകൾക്കായി സൗദി ഇൻഷുറൻസ് അതോറിറ്റി ചെയർമാനെ ചുമതലപ്പെടുത്തി.
4. അന്താരാഷ്ട്ര കരാറുകൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇേൻറണൽ ഓഡിറ്റേഴ്‌സുമായി സൗദി സർക്കാർ ഹെഡ്ക്വാർട്ടേഴ്‌സ് കരാറിനും, ഖസാക്കിസ്ഥാനുമായി ധാതുവിഭവ മേഖലയിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിനും അംഗീകാരം നൽകി.
5. മറ്റ് പ്രധാന തീരുമാനങ്ങൾ: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സ്ഥിരം സമിതിയിലേക്ക് നിക്ഷേപ മന്ത്രാലയത്തെ ഉൾപ്പെടുത്തി. കിങ് അബ്ദുൽഅസീസ് സർവകലാശാലയുടെ മുൻ സാമ്പത്തിക വർഷത്തെ അന്തിമ കണക്കുകൾ കൗൺസിൽ പാസാക്കി.
എക്സ്പൻഡിചർ ആൻഡ് പ്രൊജക്ട് എഫിഷ്യൻസി അതോറിറ്റി, പ്രൊമോഷൻ ഓഫ് വിർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് അതോറിറ്റി, പ്രീമിയം റെസിഡൻസി സെൻറർ, നാഷനൽ പാം ആൻഡ് ഡേറ്റ്സ് സെൻറർ എന്നിവയുടെ വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ച യോഗം ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.