ജിദ്ദ: ജിദ്ദയിൽ കരിയർ ആൻഡ് എംപ്ലോയ്മെന്റ് ഫോറം എക്സിബിഷൻ ഞായറാഴ്ച ആരംഭിക്കും. ജിദ്ദ ഗവർണർ അമീർ സഉൗദ് ബിൻ അബ്ദുല്ല ബിൻ ജലവിയുടെ രക്ഷാകർതൃത്വത്തിൽ ‘സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള സ്വദേശീവത്കരണം’ എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന തൊഴിൽ എക്സിബിഷനിൽ 1500 തൊഴിലവസരങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഫോറത്തിന്റെ അക്കാദമിക് പാർട്ണർ കിങ് അബ്ദുൽ അസീസ് സർവകലാശാലയാണ്.
കൂടാതെ നിരവധി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷൻ ഒരുക്കുന്നത്. ‘വിഷൻ 2030’ ലക്ഷ്യം നേടുന്നതായി സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങളിൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിനും അവരുടെ കഴിവിന് ആനുപാതികമായി ബിസിനസുകളിലും ജോലികളിലും അവരെ ചേർക്കുന്നതിനുമാണ് ഫോറം പ്രവർത്തിക്കുന്നത്.
യുവാക്കളുടെ കഴിവുകൾ ലഭ്യമായ തൊഴിലവസരങ്ങളുമായി പൊരുത്തപ്പെടുത്തൽ, തൊഴിൽ സ്വദേശിവത്ക്കരണം, ജോലി സ്ഥിരത, തൊഴിൽ ജീവിതത്തിന്റെ വിജയ രീതികൾ, സ്ഥാപനത്തിന്റെ ആശയങ്ങളും തൊഴിൽ സംവിധാനങ്ങളും പരിചയപ്പെടുത്തൽ, ജോലി സ്ഥിരതയും കുടുംബവും തമ്മിലുള്ള ബന്ധം എന്നിവയിലും ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുകയും യോഗ്യതയുള്ള ദേശീയ കഴിവുകൾ കൊണ്ട് നിറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും കമ്പനികളും, ബാങ്കുകൾ, ഫിനാൻഷ്യൽ കൺസൾട്ടൻസികൾ, ആരോഗ്യ സേവന മേഖല, ഫാക്ടറികൾ, ലോജിസ്റ്റിക്സ് എന്നിവയെയാണ് തൊഴിലുകൾക്കായി ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മാനവ വിഭവശേഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കാണാനുള്ള അവസരം ഒരുക്കലും കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.