ജിദ്ദ: ജിദ്ദ കടലോര വികസന പദ്ധതി ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് സന്ദർശിച്ചു. മക്ക ഗവർണർ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ജിദ്ദ ഗവർണറുടെ സന്ദർശനം. എല്ലാ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. ഫൗണ്ടയിനുകൾ, കുട്ടികൾക്ക് കളിക്കാനായി ഒരുക്കിയ സ്ഥലങ്ങൾ, നീന്തലിന് നിശ്ചയിച്ച തീരങ്ങൾ, കൺട്രോൾ നിരീക്ഷണ കേന്ദ്രം, 4850 മീറ്റർ നീളത്തിൽ നിർമിച്ച കടൽഭിത്തി, നടപ്പാതകൾ, കോർണിഷ് റോഡിനും ഫൈസൽ ബിൻ ഫഹദ് റോഡിനുമിടയിൽ 650 മീറ്ററിൽ നടപ്പിലാക്കിയ നടപ്പാലം, വികലാംഗകർക്ക് ഒരുക്കിയ സൗകര്യങ്ങൾ, അടിയന്തിരാവശ്യങ്ങൾക്ക് നിർമിച്ച കോണികൾ തുടങ്ങിയവ ഗവർണർ സന്ദർശിച്ചു. ജിദ്ദ മേയർ ഡോ. ഹാനി അബൂറാസ് ജിദ്ദ ഗവർണറെ അനുഗമിച്ചു. 7,30,000 സ്ക്വയർ മീറ്ററിൽ നാല് കിലോമീറ്റർ നീളത്തിലാണ് നാല്, അഞ്ച് ഘട്ടം കടലോര പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്. 800 ദശലക്ഷം ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ കടൽകരയിൽ ഉല്ലാസത്തിനെത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും നൂതനവും ആകർഷകവുമായ സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ് കടലോരം വികസിപ്പിച്ചിരിക്കുന്നത്. വടക്ക് നൗറസ് റൗണ്ട് അബൗട്ട് മുതൽ ജുബൈർ ബിൻ ഹാരിസ് റോഡ് വരെ നീളുന്നതാണ് അഞ്ച്, ആറ് ഘട്ട പദ്ധതികൾ. ഉല്ലാസത്തിനും വിശ്രമിക്കാനും 2,44,000 സ്ക്വയർ മീറ്ററിൽ ഏഴ് മുറ്റങ്ങൾ, നിക്ഷേപകർക്കായി പ്രത്യേക സ്ഥലം, നമസ്കാര സ്ഥലങ്ങൾ, തണൽകുടകൾ, കുട്ടികൾക്ക് കളിക്കാൻ 8000 സ്ക്വയർ മീറ്റർ സ്ഥലം, 50,000 സ്ക്വയർ മീറ്ററിൽ തിരമാലകളെ തടുക്കാൻ കഴിയുന്ന സംവിധാനങ്ങളോട് കൂടിയ നാല് നീന്തൽ തീരങ്ങൾ, അഞ്ച് നിരീക്ഷണ ടവർ എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. കടൽ തീരത്തെ ഏറ്റവും വലിയ ഉല്ലാസ സ്ഥലമായ 40,000 സ്ക്വയർ മീറ്ററിലുള്ള നൗറസ് മുറ്റവും പദ്ധതിക്ക് കീഴിലുണ്ട്.
3000 കാർ പാർക്കിങ്, മീൻ പിടിക്കാൻ 125 മീറ്ററിൽ 2450 സ്ക്വയർ മീറ്ററിൽ കടലിലേക്ക് നീണ്ടു കിടക്കുന്ന പ്ളാറ്റ്ഫോം, 15 തണൽകുടകൾ, മരം കൊണ്ടുള്ള ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 275 സ്ക്വയർ മീറ്ററിൽ പുല്ല് പിടിപ്പിച്ച നിലത്ത് 1471 മരങ്ങളും 2965 ഇൗന്തപ്പനകളുമുണ്ട്. 14 ഫൗണ്ടയ്നുകളാണ് ഒരുക്കിയത്. മഴവെള്ളം കടലിലേക്ക് തിരിച്ചുവിടാനുള്ള ഒാവുചാലുകളും നിർമിച്ചിട്ടുണ്ട്. ഇതിനു 14 കിലോമീറ്റർ നീളമുണ്ട്. അഗ്നിബാധ പോലുള്ളവക്കാവശ്യമായ ജല പൈപ്പ് ലൈനുകളും അഗ്നിശമന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ കാമറകളും, ലൈറ്റ്, സൗണ്ട്, മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.