ജിദ്ദ തുറമുഖത്ത് 160 കോടി റിയാലി​ന്‍റെ പുതിയ കണ്ടെയ്‌നർ ടെർമിനൽ; സൗദി-ഫ്രഞ്ച് സംയുക്ത പദ്ധതി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ നിർദ്ദിഷ്​ട നാലാമത് കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി നിർണായക കരാർ ഒപ്പുവെച്ചു. റെഡ് സീ ഗേറ്റ്‌വേ ടെർമിനലും പ്രമുഖ ആഗോള ഷിപ്പിങ്​ ഗ്രൂപ്പായ ഫ്രാൻസി​െൻറ സി.എം.എ സി.ജി.എമ്മും തമ്മിലാണ് പങ്കാളിത്ത ധാരണയിലെത്തിയത്. സൗദി പോർട്ട്സ് അതോറിറ്റിയുടെ (മവാനി) മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 160 കോടി സൗദി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്.

പാരീസിൽ നടന്ന സൗദി-ഫ്രഞ്ച് ഇൻവെസ്​റ്റ്​മെൻറ്​ റൗണ്ട് ടേബിളിൽ വെച്ചായിരുന്നു കരാർ ഒപ്പുവെക്കൽ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ എന്നിവരുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് ഈ സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ഒപ്പുവെച്ചത്.

സൗദി തുറമുഖങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക, അന്താരാഷ്​ട്ര വ്യാപാര പാതകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നീക്കം. രാജ്യത്തി​െൻറ പ്രധാന പദ്ധതിയായ 'സൗദി വിഷൻ 2030', 'ദേശീയ ഗതാഗത ലോജിസ്​റ്റിക് സ്ട്രാറ്റജി' എന്നിവ കൈവരിക്കുന്നതിൽ ഈ വികസനം വലിയ പങ്കുവഹിക്കും. ആർ.എസ്.ജി.ടിയുടെ നിലവിലുള്ള കരാറിന് കീഴിൽ നിർമ്മിക്കുന്ന ഈ പുതിയ ടെർമിനലിന് പ്രതിവർഷം 26 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.

ഏറ്റവും പുതിയ തലമുറയിൽപ്പെട്ട കൂറ്റൻ കണ്ടെയ്‌നർ കപ്പലുകളെ സുഗമമായി അടുപ്പിക്കാൻ ശേഷിയുള്ള ആഴക്കടൽ ബർത്തുകൾ, 10 പുതിയ കൂറ്റൻ ഷിപ്പ്-ടു-ഷോർ ക്രെയിനുകൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ പുതിയ ടെർമിനലി​െൻറ ഭാഗമായി സജ്ജീകരിക്കും. ഇത് ചരക്ക് നീക്കത്തി​െൻറ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും.

നിലവിലുള്ള ആർ.എസ്.ജി.ടി ടെർമിനലിന് സമീപം നിർമ്മിക്കുന്ന ഈ കേന്ദ്രം, ഇരു കമ്പനികളുടെയും സംയുക്ത സംരംഭത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളെ ബന്ധിപ്പിക്കുന്ന ചെങ്കടൽ പാതയിലെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം പ്രയോജനപ്പെടുത്തി, സൗദിയെ ലോകത്തിലെ മുൻനിര ലോജിസ്​റ്റിക്സ് കേന്ദ്രമാക്കി മാറ്റാൻ ഈ പദ്ധതി വഴിയൊരുക്കും.

Tags:    
News Summary - Jeddah Port Gets New Terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.