ഊർജ, വ്യവസായ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദിയും ഫ്രാൻസും

പാരീസ്/റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ, വ്യവസായ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനായി നിർണായക കരാറുകളും ധാരണാപത്രങ്ങളും ധനകാര്യ കരാറുകളും ഒപ്പുവെച്ചു.

ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട് ടേബിളിൽ നടന്ന ഈ ഒപ്പുവെക്കൽ ചടങ്ങുകൾ സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലെയും കമ്പനികളും സ്ഥാപനങ്ങളും തമ്മിലുള്ള പുതിയ ബിസിനസ് സാധ്യതകൾക്ക് വഴിയൊരുക്കാനും ലക്ഷ്യമിടുന്നു.

എണ്ണ, വാതക കിണറുകളുടെ ഡ്രില്ലിങ്​ സാമഗ്രികളും സ്​റ്റീൽ പൈപ്പുകളും ലഭ്യമാക്കുന്നതിനായി സൗദി അരാംകോ, ഫ്രഞ്ച് കമ്പനികളായ എസ്.എൽ.ബി, വല്ലൂറെക് എന്നിവയുമായി തന്ത്രപ്രധാനമായ പർച്ചേസ് കരാറുകളിൽ ഒപ്പുവെച്ചു. ഏകദേശം 3700 കോടി ഡോളർ മൂല്യം വരുന്നതാണ് ഈ കരാറുകൾ.

വിവിധ സൗദി, ഫ്രഞ്ച്​ കമ്പനികളും സ്ഥാപനങ്ങളും കരാറുകൾ ഒപ്പിട്ട ചടങ്ങുകൾ

കൂടാതെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെർച്വൽ ട്വിൻ ടെക്നോളജികൾ എന്നിവയിൽ സഹകരിക്കുന്നതിനായി അരാംകോ ഡിജിറ്റൽ, ഫ്രഞ്ച് സ്ഥാപനമായ ദസ്സോ സിസ്​റ്റംസുമായി മറ്റൊരു ധാരണാപത്രത്തിലും ഒപ്പുവെച്ചു. എണ്ണ-വാതക മേഖലയിലെ വ്യാവസായിക ഉപയോഗത്തിന് സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതും ഇതി​െൻറ ഭാഗമായി പരിശോധിച്ച് വരുന്നു.

വൈദ്യുതി മേഖലയിൽ, സൗദി അറേബ്യയുടെ പവർ ഗ്രിഡ് കൂടുതൽ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി സൗദി എനർജി, ഫ്രഞ്ച് പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ബാങ്കായ ബിപി ഫ്രാൻസുമായി സഹകരണ-വായ്പാ കരാറിൽ ഒപ്പുവെച്ചു. 2025 നവംബറിൽ ഒപ്പുവെച്ച 300 കോടി ഡോളർ വരെയുള്ള വായ്പാ സൗകര്യത്തിനായുള്ള ധാരണാപത്രത്തി​െൻറ തുടർച്ചയായാണ് ഈ പുതിയ നടപടി.

രാജ്യത്തെ വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കും സംഭരണ പരിപാടികൾക്കും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ ഈ കരാർ വഴി സാധിക്കും. വിമാനശേഖരം വിപുലീകരിക്കുന്നതി​െൻറ ഭാഗമായി എയർബസി​െൻറ പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ ഗ്രൂപ്പ്, ഫ്രഞ്ച് ബാങ്കായ ക്രെഡിറ്റ് അഗ്രികോൾ സി.ഐ.ബി, സൗദി എക്‌സിം ബാങ്ക് എന്നിവരുമായി ചേർന്ന് ഒരു ത്രികക്ഷി ധാരണാപത്രം രൂപവത്​കരിച്ചു.

സൗദിയുടെ ഔദ്യോഗിക എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസി എന്ന നിലയിൽ ഈ ഇടപാടുമായി ബന്ധപ്പെട്ട ക്രെഡിറ്റ് റിസ്ക് ഇൻഷുറൻസ് പരിരക്ഷ സൗദി എക്സിം ബാങ്ക് നൽകും.

അന്താരാഷ്​ട്ര ബാങ്കിങ്​ ധനസഹായത്തെ ദേശീയ കയറ്റുമതി വായ്പാ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഈ കരാർ വഴി, സൗദി കയറ്റുമതികളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അന്താരാഷ്​ട്ര ധനസഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. അതോടൊപ്പം, സൗദിയ ഗ്രൂപ്പി​ന്‍റെ വിമാനശേഖരം ആധുനികവൽക്കരിക്കാനും അന്താരാഷ്​ട്ര വിപണിയിൽ തങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് ഇത് വലിയ പിന്തുണയാകും.

Tags:    
News Summary - Saudi France Energy Deals Expand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.