പ്രവാസി പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണം; ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നിവേദനം നൽകി

ജിദ്ദ: കോവിഡ് 19 മായി ബന്ധപ്പെട്ട് സൗദിയിലെ പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ വിശദീകരിച്ചും അടിയന്തര ഇ ടപെടൽ ആവശ്യപ്പെട്ടും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ബന്ധപ്പെട്ട മന്ത്രിമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യൻ ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായ ി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് എന്നിവർക്കാണ് മീഡിയ ഫോറം നിവേദനങ്ങൾ അയച്ചത്.

മീഡിയ ഫോറം അംഗങ്ങൾ ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും അതനുസരിച്ച്‌ വിശദമായ നിവേദനം തയ്യാറാക്കുകയുമായിരുന്നു. ഗർഭിണികൾ, ഹൃദ്രോഗികൾ, വൃദ്ധർ, ശാരീരിക അവശത അനുഭവിക്കുന്നവർ, നാട്ടിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ, ജോലി നഷ്ടപ്പെട്ടും മറ്റുമായി നിത്യജീവിതത്തിന് വഴി മുട്ടിയവര്‍, നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് വിസ അടിച്ചവർ തുടങ്ങിയവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക, സൗദിയിൽ കോവിഡ് ബാധിച്ചവരും ലക്ഷണങ്ങൾ ഉള്ളവർക്കുമായി മികച്ച ചികിത്സ സമയത്തിന് ലഭ്യമാക്കാനായി നയതന്ത്ര കാര്യാലയങ്ങളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാവുക. ഇതിനായി പ്രധാന നഗരങ്ങളിൽ ചുരുങ്ങിയത് 10 വീതം ആംബുലൻസുകളെങ്കിലും ഒരുക്കുക, അതോടൊപ്പം രോഗികളെ സ്വന്തം നിലക്ക് ചികിൽസിക്കാനായി ഇന്ത്യയിൽ നിന്നും ഡോക്ടർമാരും പാരാമെഡിക്കൽ ടീമുമടക്കം ഒരു സ്പെഷ്യൽ മെഡിക്കൽ സംഘത്തെ പെട്ടെന്ന് സൗദിയിലേക്ക് അയക്കുക, ചികിത്സക്കായി ഇന്ത്യൻ സ്‌കൂളുകൾ, ഹാജിമാർക്കുള്ള കെട്ടിടങ്ങൾ തുടങ്ങിയവ താൽക്കാലിക ഐസൊലേഷൻ കേന്ദ്രങ്ങളാക്കുക, തൊഴില്‍ നഷ്ടപ്പെട്ടും മറ്റും വരുമാനമാര്‍ഗം മുട്ടിയവർക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിൽ നിന്നും അടിയന്തിര സഹായം നൽകുക, സമൂഹ വ്യാപനമെന്ന ഗുരുതര സ്ഥിതിയിലേക്ക് പോയാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ പെട്ടെന്ന് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

നോർക്കയുടെ മേൽനോട്ടത്തിൽ വിവിധ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, തിരിച്ചെത്തുന്ന പ്രവാസികളിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തര ധനസഹായം അനുവദിക്കുക, കേന്ദ്ര സർക്കാർ വിമാനസർവിസിന്‌ അനുമതി നൽകിയാൽ നാട്ടിലെത്തുന്ന പ്രവാസികളെ കൃത്യമായി ക്വാറന്‍റീൻ ചെയ്യാനുള്ള സൗകര്യങ്ങൾ സജ്ജമാക്കുക, ജോലിയില്ലാതെ ദൈനംദിനാവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗൾഫിലുള്ള പ്രവാസികൾക്ക് നോർക്ക ഇടപെട്ട് അത്യാവശ്യ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിക്കുള്ള നിവേദനത്തിലും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവരാണ് മീഡിയ ഫോറത്തിന് വേണ്ടി നിവേദനം സമർപ്പിച്ചത്.

Tags:    
News Summary - jeddah indian media forum gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.