ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ഏഴാംഘട്ട സിലബസ് ഉൾക്കൊള്ളുന്ന കോപ്പി രാധാകൃഷ്ണൻ കണ്ണൂർ, ശൈഖ് അബ്ദുൽ അസീസ് ഇദ്രീസിൽനിന്ന് ഏറ്റുവാങ്ങുന്നു
ജിദ്ദ: റിയാദ് ആസ്ഥാനമായ ‘ലേൺ ദ ഖുർആൻ’ പാഠ്യപദ്ധതിയുടെ ഏഴാംഘട്ട സിലബസ് പ്രകാശനവും പഠിതാക്കളുടെ കുടുംബസംഗമവും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ദഅ്വ സെൻ്റർ പ്രോഗ്രാം കോഓഡിനേറ്ററായ ശൈഖ് അബ്ദുൽ അസീസ് ഇദ്രീസ് ഖുർആനിന്റെ ഏഴാംഘട്ട സിലബസ് ഉൾക്കൊള്ളുന്ന കോപ്പി ഒ.ഐ.സി.സി വെസ്റ്റൻ റീജിയൻ ഉപാധ്യക്ഷൻ രാധാകൃഷ്ണൻ കണ്ണൂരിന് നൽകി പ്രകാശനം ചെയ്തു. കേവല പാരായണത്തിൽ ഒതുക്കാതെ വചനങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കി ഖുർആനിക വചനങ്ങളുടെ ജീവിക്കുന്ന പതിപ്പുകളായി തീരാൻ ഓരോരുത്തരും തയാറാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശിഹാബ് സലഫി എടക്കര അഭിപ്രായപ്പെട്ടു.
സുബൈർ പന്നിപ്പാറ, അബ്ദുൽ റഊഫ് കോട്ടക്കൽ എന്നിവർ ഖുർആൻ പാരായണം നടത്തി. പഠിതാക്കളായ അഖിൽ റാഷിദ്, ബഷീർ മുക്കം, ശാഫി ആലുവ, മുഹമ്മദ് അഷ്റഫ് കൽപ്പാലത്തിങ്ങൽ, ഷാജി ആലങ്ങാടൻ, ഷാഹിദ, ഷരീജ, ഹസനത്ത് എന്നിവർ സംസാരിച്ചു. ആഷിഖ് മഞ്ചേരി, സുബൈർ പന്നിപ്പാറ, ഹുസൈൻ തൈക്കാട്ട് എന്നീ പഠിതാക്കൾ ഇസ്ലാമിക ഗാനങ്ങളാലപിച്ചു. അബ്ദുറഹ്മാൻ വളപുരത്തിന്റെയും ഇബ്രാഹിം സ്വലാഹിയുടെയും നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാം നടന്നു. പുരുഷന്മാരിൽ ഷിജു ഹാഫിസ്, അബ്ദുൽ റഊഫ് കോട്ടക്കൽ എന്നിവരും സ്ത്രീകളിൽ മുഹ്സിന അബ്ദുൽ ഹമീദും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏഴാംഘട്ട പാഠ്യപദ്ധതിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പരീക്ഷയെ കുറിച്ചുമുള്ള ഹ്രസ്വവിവരണം ലേൺ ദ ഖുർആൻ കൺവീനർ നഈം മോങ്ങം നൽകി.
റെന ഫാത്തിമ, ആയിഷ അഷ്റഫ്, റിൻഷ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. അഷ്റഫ് ഏലംകുളം, അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദയിലെ മുഴുവൻ പഠിതാക്കളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള ജിദ്ദ ഏരിയ സംഗമം മേയ് 10ന് നടത്തുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ പങ്കെടുക്കും. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശാഫി മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.