ജിദ്ദയിൽ വികസിപ്പിക്കുന്ന ‘മൈതാനു താരീഖ്’ (ഹിസ്റ്ററി സ്ക്വയർ)
ജിദ്ദ: നഗരത്തിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായി വടക്കൻ ജിദ്ദയിലെ സുപ്രധാന കവലയായ ‘മൈതാനു താരീഖ്’ (ഹിസ്റ്ററി സ്ക്വയർ) വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. അമീർ സുൽത്താൻ റോഡും ഹിറാ റോഡും സംഗമിക്കുന്ന ഈ പ്രധാന പാതയിലെ നവീകരണത്തിലൂടെ ഗതാഗത ഒഴുക്ക് വർധിപ്പിക്കാനും യാത്രക്കാരുടെ ദൈനംദിന യാത്രാസമയം ഗണ്യമായി കുറക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ജിദ്ദ മുനിസിപ്പാലിറ്റി നടപ്പാക്കി വരുന്ന പ്രത്യേക ഗതാഗത പരിഹാര പദ്ധതിയിൽ (ട്രാഫിക് സൊല്യൂഷൻസ് ഇംപ്ലിമെേൻറഷൻ പ്രോജക്ട്) ഉൾപ്പെടുത്തിയാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും വാഹനങ്ങൾ തമ്മിലുള്ള അപകട സാധ്യതകൾ കുറക്കാനുമുള്ള വിപുലമായ ക്രമീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
യാത്രാ ക്ലേശം ഒഴിവാക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ഉറപ്പാക്കാനും ഗതാഗത സുരക്ഷാ നിലവാരം ഉയർത്തി അപകടങ്ങൾ ഇല്ലാതാക്കാനും ഈ നവീകരണം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ നഗരത്തിലെ ജീവിതനിലവാരവും ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയും വലിയ തോതിൽ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.