റിയാദ്: ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ ഗ്ലോബൽ കെ.എം.സി.സി വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
അധിനിവേശത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻജനതക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതായും പിറന്ന നാടും സംസ്കാരവും ഫലസ്തീനികൾക്ക് വിലക്കുന്ന സയണിസ്റ്റ് ക്രൂരതയും അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും മാധ്യമങ്ങളും ലോകമനസ്സാക്ഷിക്കുതന്നെ കളങ്കമുണ്ടാക്കുന്നുവെന്നും ഓൺലൈനായി ചേർന്ന യോഗം അഭിപ്രായപ്പെട്ടു. പിറന്ന നാട്ടിൽ ജീവിക്കാനും ആ സംസ്കാരത്തിന്റെ പങ്ക് പറ്റാനുമുള്ള ഒരു ജനതയുടെ അവകാശത്തെയാണ് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് അടിച്ചമർത്താൻ ഇസ്രായേൽ ശ്രമിക്കുന്നത്.
ഇത് ന്യായീകരിക്കാവുന്നതല്ല. മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനങ്ങൾ നടക്കുന്ന ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രയാസപ്പെടുന്ന കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും അടങ്ങുന്ന ഫലസ്തീൻ പൗരന്മാർക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും അടിയന്തരമായി ലഭ്യമാക്കുന്നതിനും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്ലോബൽ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ പി.കെ. മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നജീബ് തുവ്വൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് ബാബു കരുവാരകുണ്ട് സ്വാഗതവും ട്രഷറർ സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ഷാഫി തുവ്വൂർ, വെൽഫയർ വിങ് ചെയർമാൻ കെ.പി. ഹൈദരലി കാളികാവ്, ഹാരിസ് കല്ലായി, സിറാജ് മുസ്ലിയാരകത്ത്, സലാം മമ്പാട്ടുമൂല, മുഹ്ളാർ തങ്ങൾ, ബേബി നീലാമ്പ്ര, ഇസ്മാഈൽ, അഷ്റഫ് പോരൂർ, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.