സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാന്‍ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഗോച്ചിനെ സ്വീകരിക്കുന്നു, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഗോച്ചും ചർച്ചയിൽ

ജിദ്ദ​: ഇസ്രായേലുമായുള്ള വെടിനിർത്തലിനു​ശേഷം ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഗൾഫ്​ സന്ദർശനം സൗദിയിൽ. പ്രാദേശിക നയതന്ത്ര സമ്മർദങ്ങൾക്കിടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തി​ന്റെ ഭാഗമായാണ്​ ഡോ. അബ്ബാസ് അറഗോച്ച്​ സൗദിയിലെത്തിയത്​.

ബുധനാഴ്​ച രാവിലെ ജിദ്ദയിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ​ സ്വീകരിച്ചു. ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നിലവിലെ പ്രക്ഷുബ്​ധ സാഹചര്യം മറികടക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും വിശകലനം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്​ടിക്കാന്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സഹായിക്കുമെന്ന് സൗദി കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള ചർച്ചയാണ് തർക്കപരിഹാരമെന്ന സൗദി അറേബ്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഗോച്ചും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ജിദ്ദ അൽ സലാം കൊട്ടാരത്തിൽ കൂടിക്കാഴ്​ചയിൽ

ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാൻ മന്ത്രി നന്ദി അറിയിച്ചു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാനെ കൂടാതെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാന്‍, സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവുമായ ഡോ. മുസാഅദ് അൽ ഈബാന്‍, സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തി, നിയമ-അന്താരാഷ്​ട്ര കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ സഹമന്ത്രി ഖാസിം ഗരിബാബാദി, വിദേശ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഇ, ജിദ്ദയിലെ ഇറാന്‍ കോണ്‍സല്‍ ജനറല്‍ ഹസന്‍ സര്‍നകാര്‍ എന്നിവര്‍ അൽ സലാം കൊട്ടാരത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാനും വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായും ഇറാന്‍ വിദേശമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി.

Tags:    
News Summary - Iranian Foreign Minister in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.