റിയാദ്: സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. സർവിസ് സെന്ററുകൾക്കും ഇന്ധന സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടിവ് കമ്മിറ്റി നടത്തുന്ന കാമ്പയിനിൽ 11 സർക്കാർ വകുപ്പുകളിൽനിന്ന് വനിതകളടക്കമുള്ള 300 ഉദ്യോഗസ്ഥർ പെങ്കടുക്കും.
രാജ്യത്തെ 23 നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിൻ നാല് ആഴ്ച നീണ്ടുനിൽക്കും. പെട്രോൾ പമ്പുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുക.
പ്രത്യേകിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും വിവിധ തരം ഗ്യാസോലിൻ, ഡീസൽ, എണ്ണകൾ എന്നിവയുടെ സാമ്പിളുകൾ എടുത്ത് അവയുടെ ഗുണനിലവാരവുമാണ് പ്രധാനമായും പരിശോധിക്കുക. പമ്പുകൾക്കും സർവിസ് സെന്ററുകൾക്കും ലൈസൻസുകളും പെർമിറ്റുകളും ഉണ്ടെന്നും പരിശോധിക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പെട്രോൾ പമ്പുകളിലെ ഒമ്പതാമത്തെ പരിശോധന കാമ്പയിൻ നടന്നത്. ഇതിന്റെ ഫലമായി 1900 ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ മിനിമം റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ട് സ്റ്റേഷനുകൾ പൂർണമായും മതിയായ അളവും കാലിബ്രേഷൻ സംവിധാനവും ഇല്ലാത്തതിന് 141 സ്റ്റേഷനുകൾ ഭാഗികമായും അടച്ചുപൂട്ടി. രാജ്യത്തുടനീളമുള്ള 913 സ്റ്റേഷനുകളിലായിരുന്നു പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.