റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ‘വീർയോദ്ധ സമ്മാൻ ദിവസ്’ ചടങ്ങ്
റിയാദ്: ‘വീർയോദ്ധ സമ്മാൻ ദിവസ്’ ആചരിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സായുധ സേനയിലെ വിമുക്തഭടന്മാരെ പരിപാടിയിൽ ആദരിച്ചു. ഭാരതരത്ന സർദാർ വല്ലഭായ് പട്ടേലിെൻറ ‘പുണ്യ തിഥി’യോടും 1971-ൽ പാകിസ്താനെതിരെ ഇന്ത്യൻ സായുധ സേന നേടിയ നിർണായക വിജയദിവസത്തിന്റെ ആഘോഷത്തെയും അനുസ്മരിച്ച് കൊണ്ടാണ് ചടങ്ങ് നടന്നത്.
അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. സർദാർ വല്ല്ഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യൻ സായുധ സേനയുടെ വിജയചരിത്രത്തെ അനുസ്മരിക്കുകയും ചെയ്തുകൊണ്ട് ഈ ദിനത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും സായുധ സേനയുടെ പ്രതിബദ്ധത, വീര്യം, നിസ്വാർഥ സേവനം എന്നിവയെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.
അതിർത്തികൾ സംരക്ഷിക്കുന്നതിലും ഭീകരതയെ ചെറുക്കുന്നതിലും ദുരന്തനിവാരണത്തിലും സേനയുടെ നിർണായക പങ്കിനെയും യു.എൻ സമാധാന ദൗത്യങ്ങളിൽ ഇന്ത്യൻ സംഘത്തിെൻറ അന്താരാഷ്ട്ര സംഭാവനകളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പരിപാടിയോടനുബന്ധിച്ച് സൈനികർക്കുള്ള ഏകീകൃത മാർഗനിർദേശങ്ങളെയും ഉപദേശങ്ങളെയും കുറിച്ചുള്ള ഒരു പുസ്തകം അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും ചേർന്ന് ചടങ്ങിൽ പ്രകാശനം ചെയ്തു.
സന്നിഹിതരായ സൈനികർക്ക് അഭിനന്ദന സൂചകമായി ഇന്ത്യൻ പതാക ലാപ്പൽ പിന്നുകൾ സമ്മാനിച്ചു. മുൻ ആർമി ഉദ്യോഗസ്ഥനായ ജാഫർ അലി തെൻറ സൈനികാനുഭവത്തെക്കുറിച്ചും രാജ്യത്തിലെ സിവിലിയൻ ജീവിതത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ചും സംസാരിച്ചു.
മുൻ ഇന്ത്യൻ എയർഫോഴ്സ് അംഗം മുഹമ്മദ് ഇഖ്ബാൽ ആബിദ് ‘വെറ്ററൻസിെൻറ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സേനയിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തും സൗദി അറേബ്യയിലെ തങ്ങളുടെ ജീവിതാനുഭവ സാഹചര്യങ്ങൾ പങ്കിടുകയും ചെയ്ത് വിവിധ വിമുക്ത ഭടന്മാർ ചടങ്ങിൽ സംസാരിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയും അരങ്ങേറി.
റിയാദിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ സംഘടിപ്പിച്ച വീർ യോദ്ധ സമ്മാൻ ദിവസിെൻറ രണ്ടാം ഘട്ട പരിപാടിയിൽ സൈനികരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ സമൂഹത്തിൽനിന്ന് മറ്റുള്ളവരും പങ്കെടുത്തു.
സായുധ സേനയിലെ വെറ്ററന്മാരുടെ വിലമതിക്കാനാകാത്ത സംഭാവനകൾ അംഗീകരിക്കുകയും സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിൽ ശക്തമായ ബന്ധം വളർത്തുകയും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ സമർപ്പിത സേവനത്തെ അഭിനന്ദിക്കാനും ബന്ധപ്പെടാനും തുടർന്നും അവസരമൊരുക്കുമെന്നും എംബസി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.