പ്രവാസി ഭാരതീയ ദിവസ്​, ലോക ഹിന്ദി ദിന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യുന്നു

പ്രവാസി ഭാരതീയ ദിവസും ലോക ഹിന്ദി ദിനവും ആഘോഷിച്ച് ഇന്ത്യൻ എംബസി

റിയാദ്: സാംസ്കാരിക പൈതൃകവും ഭാഷാപരമായ വൈവിധ്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവാസി ഭാരതീയ ദിവസവും ലോക ഹിന്ദി ദിനവും സംയുക്തമായി ആഘോഷിച്ച് ഇന്ത്യൻ എംബസി. പ്രവാസി സമൂഹത്തി​െൻറ സംഭാവനകളെ ആദരിക്കുന്നതിനും ഹിന്ദി ഭാഷയുടെ ആഗോള പ്രാധാന്യം വിളിച്ചോതുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.


പ്രശസ്ത ഗാന്ധിയൻ ഡോ. ശോഭന രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ‘ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതത്തിൽ മഹാത്മാഗാന്ധി’ എന്ന വിഷയത്തിൽ അവർ നടത്തിയ പ്രഭാഷണം, ഗാന്ധിജിയുടെ വിദേശ ജീവിതം അദ്ദേഹത്തി​െൻറ സത്യാഗ്രഹ ദർശനങ്ങളെ എങ്ങനെ രൂപപ്പെടുത്തിയെന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതായിരുന്നു. തുടർന്ന് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെ ആസ്പദമാക്കി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ലഘുനാടകം ഏറെ ശ്രദ്ധേയമായി.


ലോക ഹിന്ദി ദിനാഘോഷങ്ങളുടെ ഭാഗമായി നേരത്തെ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ തങ്ങളുടെ പ്രകടനങ്ങൾ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. വിജയികൾക്ക് ഇന്ത്യൻ അംബാസഡർ ഡോ.സുഹേൽ അജാസ്​ ഖാൻ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ വെച്ച് ‘പ്രവാസി പരിചയ്’ എന്ന സ്മരണികയുടെ പ്രകാശനവും സ്ഥാനപതി നിർവഹിച്ചു.


വരാനിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ സാംസ്കാരിക ഉത്സവത്തി​െൻറ കാഴ്ചപ്പാടുകളും സമയക്രമവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ പൈതൃകവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറാൻ ഇത്തരം ആഘോഷങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indian Embassy celebrates Pravasi Bharatiya Diwas and World Hindi Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.