1. റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിന ആഘോഷ ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ
അജാസ് ഖാൻ, 2. സാംസ്കാരിക പരിപാടിയിൽനിന്ന്
റിയാദ്: വിവിധ രാജ്യങ്ങളുടെ റിയാദിലുള്ള നയതന്ത്ര കാര്യാലയങ്ങളുടെ സഹകരണത്തോടെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു. നയതന്ത്രസമൂഹത്തിൽനിന്നുള്ളവരും സൗദി പൗരന്മാരും മാധ്യമപ്രവർത്തകരും പ്രവാസി ഇന്ത്യൻ സമൂഹപ്രതിനിധികളും ഉൾപ്പെടെ ആവേശകരമായ പങ്കാളിത്തമാണുണ്ടായത്.
ശ്രീലങ്ക, ക്യൂബ, ദക്ഷിണാഫ്രിക്ക, ലബനാൻ, ഗാംബിയ, അൽജീരിയ, വിയറ്റ്നാം, യൂറോപ്യൻ യൂനിയൻ തുടങ്ങിയവയുടെ അംബാസഡർമാർ മുഖ്യാതിഥികളായി.
പരിപാടിയിൽ അധ്യക്ഷത വഹിച്ച വിജയലക്ഷ്മി എൻ. രാം പ്രസാദ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രം വിശദീകരിച്ചു. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ ഇന്ത്യയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വിവിധ സർക്കാർ പദ്ധതികളെ അവർ എടുത്തുപറഞ്ഞു.
ഇന്ത്യ, സൗദി അറേബ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളുമായാണ് പരിപാടി ആരംഭിച്ചത്.
കേന്ദ്രീയ വിദ്യാലയ മുൻ പ്രിൻസിപ്പൽ സൽമ നാസ് പർവാർ ഖാൻ, റായി ഗ്രൂപ് ഓഫ് യൂനിവേഴ്സിറ്റീസ് ചാൻസലറും വുമൺ ഇക്കണോമിക് ഫോറം സ്ഥാപകയുമായ ഡോ. ഹർബീൻ അറോറ റായി, ന്യൂട്രീഷണിസ്റ്റ് സ്മിത രമേഷ്, പ്രചോദക പ്രഭാഷക സുഷമ ഷാൻ എന്നിവരാണ് പ്രഭാഷണം നിർവഹിച്ചത്.
ഇന്ത്യൻ സ്ത്രീകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങളും രാഷ്ട്രീയ ഭൂപ്രകൃതിയും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ സംഭാവനയെക്കുറിച്ചും ഇവരെല്ലാം സംസാരിച്ചു. സൗദി അറേബ്യയിൽ നടക്കുന്ന സാമൂഹിക പരിവർത്തനത്തെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചും അറബ് ന്യൂസ് അസിസ്റ്റൻറ് എഡിറ്റർ ഇൻ ചീഫ് നൂർ നുഗാലി സംസാരിച്ചു.
‘നേതൃപദവിയിൽ സ്ത്രീ’ വിഷയത്തിൽ ആസ്ട്രേലിയൻ എംബസി ഫസ്റ്റ് സെക്രട്ടറി സോഫിയ കോണെല്ലി പ്രഭാഷണം നടത്തി. വർണാഭമായ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. വിവിധ സ്കൂളുകളിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ സ്ത്രീശക്തിയിലൂന്നിയ ക്ലാസിക്കലും ജനകീയവുമായ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
ശ്രീലങ്കൻ വിദ്യാർഥികൾ അവരുടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം ചിത്രീകരിക്കുന്ന സാംസ്കാരിക കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. ഫിലിപ്പീൻസ് ഗായിക ഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥകൾ, യു.പി, പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ചിത്രീകരിക്കുന്ന ഫാഷൻഷോയും അവതരിപ്പിച്ചു.
ഇന്ത്യൻ, ഫിലിപ്പീൻസ് ചിത്രകാരികൾ പങ്കെടുത്ത ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. സാരിയും ഇന്ത്യയുടെ മറ്റു വസ്ത്ര ശൈലികളും പ്രദർശിപ്പിച്ചു. അതിഥികൾക്കും പങ്കെടുത്തവർക്കുമായി രുചിവൈവിധ്യങ്ങളുടെ ഭക്ഷണവും ഒരുക്കിയിരുന്നു.
ശ്രീലങ്ക, ഫിലിപ്പീൻസ് എംബസികൾ അവരുടെ രാജ്യങ്ങളിൽനിന്നുള്ള പലഹാരങ്ങളും വിളമ്പി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പരിപാടിയിൽ പങ്കെടുത്തവർക്ക് ഫലകങ്ങളും പ്രശംസാപത്രങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.