ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വി.എഫ്.എസ് പ്രതിനിധികളും നടത്തുന്ന മെയ് മാസത്തെ സന്ദർശന വിവരങ്ങൾ പുറത്തുവിട്ടു. ജിസാൻ, തബൂക്ക്, അബഹ, യാംബു എന്നീ നഗരങ്ങളിലാണ് ഈ മാസം കോൺസുലാർ സംഘം സന്ദർശനം നടത്തുന്നത്.
മെയ് എട്ട് (വെള്ളിയാഴ്ച) ജിസാൻ വി.എഫ്.എസ് സെൻററിലാണ് ആദ്യ സന്ദർശനം. തുടർന്ന് മെയ് 15 (വെള്ളിയാഴ്ച) തബൂക്ക് വി.എഫ്.എസ് സെൻററിലും, മെയ് 22 (വെള്ളിയാഴ്ച) അബഹ വി.എഫ്.എസ് സെൻററിലും ഉദ്യോഗസ്ഥർ എത്തും. മാസത്തിലെ അവസാന സന്ദർശനം മെയ് 29 (വെള്ളിയാഴ്ച) യാംബുവിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാംബു ടൗണിലെ കൊമേഴ്‌സ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്‌വ ഹോട്ടലിലായിരിക്കും സേവന കേന്ദ്രം പ്രവർത്തിക്കുക.
സന്ദർശന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള ബന്ധപ്പെട്ട മേഖലകളിലെ ഇന്ത്യൻ പ്രവാസികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടത് നിർബന്ധമാണ്. സന്ദർശന തീയതിക്ക് ഏഴ് ദിവസം മുൻപ് മുതൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാവുന്നതാണ്. https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് വഴി നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മുൻഗണനാ ക്രമത്തിൽ അപ്പോയിൻറ്മെൻറ് ലഭിക്കും.
മുൻകൂട്ടി ബുക്ക് ചെയ്ത അപേക്ഷകരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും, സേവനം തേടിയെത്തുന്നവർ സൗദി അധികൃതർ നൽകുന്ന സുരക്ഷാ-നിയമ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.