യാംബു വ്യാവസായിക, വാണിജ്യ തുറമുഖങ്ങൾ സന്ദർശിക്കാനെത്തിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ യാംബു വ്യാവസായിക, വാണിജ്യ തുറമുഖ അതോറിറ്റി ജനറൽ എക്സിക്യൂട്ടീവ് മാനേജർ മഹർ എ. അഹമ്മദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
യാംബു: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാവസായിക, വാണിജ്യ, ലോജിസ്റ്റിക്കൽ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ യാംബുവിലെ കിങ് ഫഹദ് വ്യാവസായിക തുറമുഖവും യാംബു വാണിജ്യ തുറമുഖവും സന്ദർശിച്ചു. നിലവിലെ സങ്കീർണമായ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ചെങ്കടൽ തീരത്തെ ഏറ്റവും തന്ത്രപ്രധാനമായ ഈ തുറമുഖങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാളേറെ വർധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഈ സുപ്രധാന സന്ദർശനം നടന്നിരിക്കുന്നത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വിപുൽ ബാവയും അംബാസഡറോടൊപ്പം സന്ദർശനത്തിൽ പങ്കാളിയായിരുന്നു. തുറമുഖത്ത് എത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ പോർട്ട് അതോറിറ്റി ജനറൽ എക്സിക്യൂട്ടിവ് മാനേജർ മഹർ എ. അഹമ്മദിയും അദ്ദേഹത്തിെൻറ ഔദ്യോഗിക സംഘവും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
സന്ദർശന വേളയിൽ ഇരു തുറമുഖങ്ങളിലെയും പ്രവർത്തന പ്രക്രിയകൾ അംബാസഡറും അദ്ദേഹത്തെ അനുഗമിച്ച സംഘവും നേരിട്ടുകണ്ട് വിലയിരുത്തി. മറൈൻ ടെർമിനലുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അവർ നിരീക്ഷിച്ചു. കൂടാതെ, സൗദി തുറമുഖങ്ങളിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസനവും ലോജിസ്റ്റിക്കൽ സേവനങ്ങളുടെ പുരോഗതിയും സംഘം സവിസ്തരം മനസ്സിലാക്കി. അസംസ്കൃത എണ്ണ, എൽ.പി.ജി, പെട്രോകെമിക്കൽസ് എന്നിവയുടെ കൈമാറ്റത്തിലും ജി.സി.സി മേഖലയിലെ പ്രാദേശിക ട്രാൻസ്ഷിപ്പ്മെന്റുകളിലും മുൻപന്തിയിലുള്ള ഈ തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള ലോജിസ്റ്റിക്സ് ക്രമീകരണങ്ങളെക്കുറിച്ച് ഇരുവിഭാഗവും വിശദമായ ചർച്ചകൾ നടത്തി. ഇരു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനും സമുദ്ര വ്യാപാര മേഖലയുടെ വളർച്ചക്കുമായി പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളും ഈ കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. വ്യാവസായിക, വാണിജ്യ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഈ സന്ദർശനം മികച്ച രീതിയിൽ വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.