പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
റിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാജ്യത്തിെൻറ സ്വയംനിർണയാവകാശവും സ്വാഭിമാനബോധവും അടിയറവെച്ച 12 വർഷങ്ങളാണ് കടന്നുപോയതെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മയും ദാരിദ്ര്യവും ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണെന്നും, ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനോ അവർ നേരിടുന്ന ജീവിതഭാരങ്ങൾ ലഘൂകരിക്കുന്നതിനോ മാറിമാറി വന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ലെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സമരങ്ങളെ കേന്ദ്ര സർക്കാർ അതിക്രൂരമായി നേരിട്ടതായും, കർഷകർക്ക് പ്രതികൂല കാലാവസ്ഥയിൽ മാസങ്ങളോളം സമരം ചെയ്യേണ്ടിവന്നതായും വിമർശനമുയർന്നു. സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും കൂടുതൽ വെല്ലുവിളികൾ നേരിടുകയാണ്.
മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും, ദലിത്-ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും ചെയ്യുന്നു. ഫെഡറൽ സംവിധാനവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനവും തകർക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്ന ശ്രമങ്ങളാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി.
വൈസ് പ്രസിഡൻറ് അംജദ് അലി, സെൻട്രൽ കമ്മിറ്റി അംഗം ശിഹാബ് കാരാട്ട്, യുവപ്രഭാഷകൻ ഷറഫുദ്ദീൻ എന്നിവർ ചടങ്ങിൽ വിഷയാധിഷ്ഠിതമായി സംസാരിച്ചു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.
നടാഷ സഞ്ജീവ്, ഹാനിയ അനീസ്, താനിയ സഞ്ജീവ് എന്നിവർ സ്വാതന്ത്ര്യദിന സ്കിറ്റും, യാസീൻ അഹമ്മദ് ദേശഭക്തിഗാനവും, അഷ്റഫ് പാറമ്മേൽ കവിതാലാപനവും അവതരിപ്പിച്ച് സദസ്സിന് നവ്യാനുഭവമേകി. സ്വാതന്ത്ര്യദിന ക്വിസ് മത്സരവും ചടങ്ങിെൻറ മാറ്റുകൂട്ടി.
സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി സമാപന പ്രഭാഷണം നടത്തി. എം.പി. ഷഹ്ദാൻ സ്വാഗതവും അഡ്വ. ജമാൽ നന്ദിയും പറഞ്ഞു. അഫ്സൽ ഹുസൈൻ, അഫ്ഹാൻ, പ്രസീ സഞ്ജു, ആയിഷ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.