‘ഹൃദയപൂർവം കേളി’യുടെ കുണ്ടൂപ്പറമ്പ് ‘പകൽവീട്ടി’ലെ പൊതിച്ചോർ വിതരണോദ്ഘാടനം
തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കുന്നു
റിയാദ്: കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കുണ്ടൂപ്പറമ്പ് ‘പകൽവീട്’ വയോജനങ്ങളെ ചേർത്തുപിടിച്ച് റിയാദ് കേളി കലാസാംസ്കാരിക വേദി. ‘ഹൃദയപൂർവം കേളി’ പദ്ധതിയുടെ ഭാഗമായി പകൽവീട് നിവാസികൾക്ക് ഒരു മാസത്തെ ഭക്ഷണം വിതരണം ചെയ്യും. പ്രത്യേക പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേർത്തുനിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’.
പദ്ധതിയുടെ വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വാർധക്യ ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന കേന്ദ്രമാണ് പകൽവീട്. വയോജനങ്ങളുടെ മാനസിക, ആരോഗ്യ ഉല്ലാസത്തിനും പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ സുരക്ഷിതത്വത്തിനും പരിചരണത്തിനും വേണ്ടി കോഴിക്കോട് കോർപറേഷനിലെ കുണ്ടൂപ്പറമ്പ് ആറാം വാർഡ് കേന്ദ്രീകരിച്ച് നിർമിച്ച ആദ്യത്തെ പകൽവീട്ടിൽ കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് പ്രവേശനം ആരംഭിച്ചത്.
പരിസരപ്രദേശങ്ങളിലെ മൂന്നു വാർഡുകളിൽ നിന്നായി 428 മുതിർന്ന പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുള്ള പകൽവീട്ടിൽ ദിവസവും നൂറിലധികം ആളുകൾക്ക് കോർപറേഷൻ തയാറാക്കുന്ന ഭക്ഷണം മൂന്നുനേരം നൽകിവരുന്നു. സംഘടനകളുടെയും വ്യക്തികളുടെയും സഹായവും ഈ മാതൃക സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്.
പകൽവീട്ടിൽ ഒരുക്കിയ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെംബർ കെ. റീജ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ, സി.പി.എം നോർത്ത് ഏരിയ കമ്മിറ്റി അംഗം ടി. മുരളീധരൻ, കേളി ജോയൻറ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, എരഞ്ഞിക്കൽ ലോക്കൽ സെക്രട്ടറി പ്രവീൺ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായിരുന്ന ഷൗക്കത്ത് നിലമ്പൂർ, ഗോപിനാഥൻ വേങ്ങര, കേളി അംഗമായിരുന്ന ഹസ്സൻ കോയ പാറോപ്പടി, പ്രിയേഷ് കുമാർ, യൂസഫ്, ജയരാജ് എന്നിവർ സംസാരിച്ചു. സി.പി.എം കുണ്ടൂപ്പറമ്പ് ലോക്കൽ ആക്ടിങ് സെക്രട്ടറി കുട്ടികൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.