മക്കയിലെ ഹുദൈബിയ ചരിത്രശേഷിപ്പുകൾ

ഹുദൈബിയയിലെ പൂമരച്ചോട്ടിൽ

പ്രവാചകനും അനുയായികളും മക്കയിലെ ഖുറൈശി വിഭാഗവും തമ്മിലുണ്ടായ സമാധാന കരാറായ 'ഹുദൈബിയ സന്ധി'ക്ക്​ സാക്ഷ്യംനിന്ന ഒരിടം മക്കയിലുണ്ട്​. മസ്ജിദുൽ ഹറാമിൽനിന്ന് നാല് കിലോമീറ്റർ അകലെ​. ഹിജ്റ ആറാംവർഷം മക്കയിലെ ഖുറൈശി ഗോത്രവുമായി പ്രവാചകൻ നടത്തിയ 'രിദ്​വാൻ' പ്രതിജ്ഞയാണ് 'ഹുദൈബിയ സന്ധി' എന്ന പേരിൽ അറിയപ്പെടുന്നത്. കഅ്ബ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും മദീനയിൽനിന്നുള്ള യാത്രക്കിടെ പ്രവാചകനും 1,400 വിശ്വാസികളും ഹുദൈബിയയിൽ തമ്പടിച്ചു. വിവരമറിഞ്ഞ ഖുറൈശികൾ അത്​ യുദ്ധത്തിനുള്ള പുറപ്പാടാണെന്ന് തെറ്റിദ്ധരിച്ചു. ഭീതിപൂണ്ട അവർ സൈന്യത്തെ സജ്ജീകരിക്കുകയും ഏറ്റുമുട്ടലിന് തയാറെടുക്കുകയും ചെയ്തു. തന്റെ വരവിനെ കുറിച്ച് മക്കയിലുണ്ടായ സംഭ്രമം തീർക്കാൻ ഒരു ദൂതനെ പറഞ്ഞയക്കാനും വന്ന കാര്യം ഔദ്യോഗികമായി ഖുറൈശികളെ അറിയിക്കാനും പ്രവാചകൻ തീരുമാനിച്ചു.

അതൊരു സന്ധിയിലേക്കെത്തിച്ചേരുകയായിരുന്നു. ഹുദൈബിയയിൽ ഒരു മരമുണ്ടായിരുന്നു. ഈ മരച്ചുവട്ടിൽവെച്ചായിരുന്നു ഖുറൈശികളുമായി പ്രവാചകൻ 'ബൈഅത്തു റിദ്​വാൻ' എന്ന പേരിൽ സന്ധിസംഭാഷണം നടത്തിയത്. ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കയ്‌പ്പും മധുരവും നിറഞ്ഞതായിരുന്നു. എതിരാളികൾ മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചാണ് പ്രവാചകൻ കരാറിൽ ഒപ്പിട്ടത്. സന്ധിവ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്‌ലിംകൾക്ക് എതിരായി തോന്നിയിരുന്നുവെങ്കിലും എല്ലാ അർഥത്തിലും പിന്നീട് അനുകൂലമായി മാറുകയാണുണ്ടായത്. കരാർ പ്രകാരം 10 വർഷം യുദ്ധം നിഷിദ്ധമാക്കിയത്​ അനുകൂല ഘടകമായി മാറി. രക്ഷിതാക്കളുടെ അനുവാദമില്ലാതെ ഖുറൈശികളിൽനിന്ന്​ ആരെങ്കിലും മദീനയിൽ അഭയം തേടിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ, മുസ്​ലിം പക്ഷത്തുനിന്ന് ആരെങ്കിലും മക്കയിൽ വന്ന് അഭയം തേടിയാൽ അവരെ തിരിച്ചയക്കേണ്ടതില്ല. കരാർ ഒപ്പിടുന്ന വർഷം മുസ്​ലിംകൾ മദീനയിലേക്ക് മടങ്ങിപ്പോകണം. അടുത്തവർഷം മക്കയിൽ നിരായുധരായി വന്ന് മൂന്നു ദിവസം താമസിച്ച്, ഉംറ നിർവഹിച്ച് തിരിച്ചുപോകാം. ഇതുപോലെ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രതികൂലമായ വേറെയും വ്യവസ്ഥകള്‍ ആ ഉടമ്പടിയില്‍ ഉണ്ടായിരുന്നു. പക്ഷേ, അവയൊക്കെയും പ്രവാചകന്‍ അംഗീകരിക്കുകയാണുണ്ടായത്. 'തീര്‍ത്തും സമാധാനപരമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ വന്നിട്ടുള്ളത്. അതിനാല്‍ മക്കക്കാര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ ഞാന്‍ അംഗീകരിക്കും' എന്നാണ്​ പ്രവാചകൻ പറഞ്ഞത്​.

സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വർഷമായപ്പോഴേക്കും മക്കയിലെ സാഹചര്യം ഇസ്‌ലാമിക സമൂഹത്തിന് അനുകൂലമായി മാറി. ഹുദൈബിയ സന്ദർശിക്കുന്നവരുടെ മനസ്സുകളിൽ ആദ്യം കയ്​ക്കുകയും പിന്നെ മധുരിക്കുകയും ചെയ്​ത സന്ധിയുടെ ചരിത്രം ഉജ്ജ്വലമായി തെളിയും. ഇപ്പോൾ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്​. വരുംതലമുറകൾക്ക്​ ചരിത്രം പകർന്നുകൊടുക്കാനുള്ള സ്​മാരകങ്ങളിലൊന്നായി സംരക്ഷിക്കാനുള്ള പദ്ധതിയാണ്​ നടക്കുന്നത്​. മക്കയിൽനിന്ന് 20 കിലോമീറ്റർ അകലെ ശുമൈസിയിൽ 'ഹുദൈബിയ' എന്ന പേരിൽ ഒരു കിണറും സംരക്ഷിക്കപ്പെടുന്നുണ്ട്​​. പ്രവാചക​ന്റെ കാലത്തോളം പഴക്കമുണ്ട്​ ഈ കിണറി​ന്റെ ചരിത്രത്തിനും. സംരക്ഷണ പദ്ധതികൾ മക്ക റോയൽ കമീഷൻ അതോറിറ്റിയും സൗദി ടൂറിസം ആൻഡ്​ നാഷനൽ ഹെറിറ്റേജ് കമീഷനും ചേർന്നാണ്​ നടത്തുന്നത്​.

Tags:    
News Summary - In the flower grove of Hudaibiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.