ആർ. രാജശ്രീ
ദമ്മാം: ചെന്നുപെട്ട ഇടങ്ങളെ സ്വന്തം ദേശമാക്കി പരിവർത്തിപ്പിക്കുന്നവരാണ് പ്രവാസികളെന്ന് പ്രമുഖ നോവലിസ്റ്റ് ആർ. രാജശ്രീ. ദേശം എന്നത് ഏറ്റവും അർഥഗർഭമായ ഒരു സംജ്ഞയാണ്. ഭൂമിശാസ്ത്രപരമായി അതിരുകൾ നാം അടയാളപ്പെടുത്തിയ ഇടം എന്ന അർഥത്തിലാണ് ദേശത്തെ അറിയുന്നത്. എന്നാൽ ഏത് ആശയമാണ് നമ്മളെ ഒരു കുടക്കീഴിൽ നിർത്തുന്നത് എന്ന അർഥത്തിൽ ഒരു ദേശമുണ്ട്. അതുകൊണ്ടാണ് വിവിധ നാട്ടുദേശങ്ങളിൽനിന്ന് എത്തിയിട്ടും നാം നമ്മുടെ ഭൂഖണ്ഡത്തിന്റെയോ രാജ്യത്തിന്റെ പേരിലോ അറിയപ്പെടുന്നത്. പ്രവാസികൾ നാട് നഷ്ടപ്പെടുത്തിയവരല്ല, മറിച്ച് ചെന്നുപെട്ട ഇടങ്ങളിൽ സ്വന്തം ദേശത്തെ പുനർനിർമിച്ചവരാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ് ജോതാവ് കൂടിയായ ആർ. രാജശ്രീ സൗദി മലയാളി ലിറ്റററി ഫെസ്റ്റിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. നാട്ടിൽ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ കാലം തെറ്റിയും ആഘോഷം സംഘടിപ്പിക്കുന്നവരാണ് പ്രവാസികളെന്ന് അവർ പറഞ്ഞു. കാലം തെറ്റിയാലും ഈ ആഘോഷങ്ങളിലുടെ അവർ ദേശത്ത അറിയാൻ ശ്രമിക്കുകയാണ്. നാടുവിട്ടുപോകുമ്പോഴെല്ലാം നാം ഈ സങ്കൽപ ദേശത്തെ അറിഞ്ഞുകൊണ്ടേയിരിക്കും.
മലയാളികൾക്ക് ദൂരെദേശങ്ങളെ പരിചയപ്പെടുത്തിയ എസ്.കെ പൊറ്റക്കാട് ചെന്നുപെട്ട ഇടങ്ങളിലെല്ലാം താൻ വിട്ടുപോന്ന കേരളത്തെ തിരയുകയും സമാനതകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. അതുകൊണ്ടാണ് നാടുവിട്ടുവന്ന പ്രവാസികൾ അവർ എത്തപ്പെട്ട ഇടങ്ങളിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനയിലും എഴുത്തിലും ചില തട്ടുകളുണ്ട്. അതുകൊണ്ടാണ് എല്ലാ സാഹിത്യവും എല്ലാവർക്കും ദഹിക്കാത്തത്. എന്നാൽ തനിക്ക് അപ്രാപ്യമായ അളവുകോൽ കൊണ്ട് അതിന് മുകളിലുള്ള സാഹിത്യത്തെ അളക്കാൻ ശ്രമിക്കരുത്. ഇത് നിരൂപണത്തിലും പാലിക്കേണ്ട പാഠമാണ്. ഓരോരുത്തരും എഴുത്തിൽ അവരവരുടെ ഇടങ്ങൾ സൃഷ്ടിക്കട്ടെ. കൂടുതൽ വായിക്കപ്പെടുന്നത് ഒരു സാഹിത്യ കൃതിയുടെ മേന്മയാണന്നോ, കുറച്ച് വായിക്കപ്പെട്ടതുകൊണ്ട് അതിന് മേന്മക്കുറവുണ്ടെന്നോ കണക്കാക്കേണ്ടതില്ല.
പഠനകാലത്ത് സജീവമായി എഴുതിയിരുന്ന ഒരാൾ വിവാഹശേഷം പൂർണമായി എഴുത്ത് മറന്നുപോയതുപോലെ മാറിനിന്നതെങ്ങനെയെന്ന ചോദ്യം ഞാൻ നേരിടുന്നുണ്ട്. ഒരു ശരാശരി വീട്ടമ്മയായി താൻ ജീവിച്ച ആ കാലമായിരുന്നു അത് എന്നേ മറുപടി പറയാനാകും. വിവാഹം ചെയ്തു കഴിഞ്ഞാൽ ഏതൊരു സ്ത്രീക്കും ഒരു കഥയെഴുതാൻ പറ്റും.
പൊതുരാഷ്ട്രീയ മണ്ഡലങ്ങളിൽ അഭിപ്രായം പറയുന്ന സ്ത്രീകൾ കുറവാണ്. എന്നാൽ തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ചും സരസമായി പ്രതികരിക്കുന്നവരാണ് ‘കല്യാണിയും ദാക്ഷണിയും’. പഴഞ്ചൊല്ലുകൾ ചേർത്ത് പറയുന്ന ഒരു ശീലം എനിക്ക് പണ്ടേയുണ്ട്. ജോലിചെയ്ത് തളർന്നിരുന്ന ഒരു ദിവസം ഫേസ്ബുക്കിൽ ‘ചെയ്ത പണിക്കേ കുറ്റമുള്ളൂ. കല്യാണ്യേച്ചി’ എന്നൊരു കുറിപ്പിട്ടു. അതിലെ നർമവും കാര്യവും ആളുകളിലേക്ക് അതിവേഗം പടർന്നു.
വടക്കൻ കേരളത്തിൽ കല്യാണ്യേച്ചിയും ദാക്ഷാണ്യേച്ച്യിയുമൊക്കെ മിക്ക വീടുകളിലുമുള്ള പേരുകളാണ്. സാധാരണ ജീവിതത്തിന്റെ ഓരത്ത് കൂടെ നടന്നുപോകുന്നവർക്ക് വലിയ വലിയ കാര്യങ്ങൾ അവരുടെ ജീവിത പ്രശ്നങ്ങൾ മാത്രമായിരുന്നു. ശരാശരി മലയാളികളുടെ ജീവൽ പ്രശ്നങ്ങളെക്കുറിച്ചാണ് അവർ പറഞ്ഞത്. വായനാസമൂഹം അതിവേഗം അത് ഏറ്റെടുത്തു. വായന മരിച്ചിട്ടില്ല.
വായനയുടെ അഭിരുചി മാറുകയാണ് ചെയ്തിട്ടുള്ളത്. ‘ആത്രേയകം’ എന്ന നോവലും അത്ര ഇഷ്ടത്തോടെ മലയാളം സ്വീകരിച്ചു. കൂമ്പടഞ്ഞുപോയ എഴുത്തുകാരിയെന്ന പരിഹാസപ്പേരിനപ്പുറത്ത് എന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത് മലയാളികളാണ്. എനിക്ക് അവരോടാണ് കടപ്പാട്. ഇനി എത്ര പ്രാവശ്യം ഞാൻ വന്നാലും എെൻറ ആദ്യ വരവ് എന്ന അർഥത്തിൽ ഈ മലയാളം ലിറ്റററി ഫെസ്റ്റ് അടയാളപ്പെടുത്തപ്പെടും -അവർ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.