മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണം; ലോക മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് സൗദി
റിയാദ്: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതി ഭീകര സേന നടത്തിയ ശത്രുതാപരമായ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ചൊവ്വാഴ്ചയാണ് മക്ക ലക്ഷ്യമാക്കി ഭീകരർ ഡ്രോൺ അയച്ചത്. ദിവ്യ സന്ദേശം അവതരിച്ച വിശുദ്ധ ഭൂമിയും ഇസ്ലാമിെൻറ കേന്ദ്രവും ലോക മുസ്ലീങ്ങളുടെ ഖിബ്ലയുമായ മക്കയ്ക്ക് നേരെയുണ്ടായ ഈ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം, വിശുദ്ധ സ്ഥലങ്ങളെ തകർക്കാനും ലംഘിക്കാനും ഹൂതി ഭീകരർ നടത്തുന്ന ആവർത്തിച്ചുള്ള നടപടിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇത് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിെൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. 2017 ജൂലൈ 27ന് നടന്ന ആദ്യ ശ്രമത്തിന് ശേഷം മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ഭീകരാക്രമണ ശ്രമമാണിത്. ശുദ്ധ നഗരമായ മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ആക്രമണം വിജയകരമായി പ്രതിരോധിക്കുകയും ഡ്രോൺ തകർക്കുകയും ചെയ്ത സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സിെൻറ ഉയർന്ന ജാഗ്രതയെ സൗദി അറേബ്യ പ്രശംസിച്ചു.
വിശുദ്ധ സ്ഥലങ്ങൾക്കും രാജ്യത്തെ സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി ഭീകരർ നടത്തുന്ന ഇത്തരം ഗുരുതരമായ ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. കൂടാതെ, അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും കപ്പൽ ഗതാഗതത്തിനും ഹൂതികൾ സൃഷ്ടിക്കുന്ന ഭീഷണി തടയാൻ ഇടപെടണമെന്നും ആഹ്വാനം ചെയ്തു.
ഇരുഹറമുകളുടെയും തീർത്ഥാടകരുടെയും രാജ്യത്തെ പൗരന്മാരുടെയും അന്താരാഷ്ട്ര താമസക്കാരുടെയും സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് നിയമാനുസൃതമായ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.