മദീനയിലെ മൺപാത്ര നിർമാണശാലകളിൽനിന്ന്

മദീനയിൽ മൺപാത്ര സംരക്ഷണത്തിന് ഹെറിറ്റേജ്‌ കമീഷൻ പദ്ധതി

മദീന: മദീനയിൽ മൺപാത്ര സംരക്ഷണത്തിന് ഹെറിറ്റേജ് കമീഷൻ പദ്ധതി ആവിഷ്കരിക്കുന്നു. പരമ്പരാഗത മൺപാത്ര നിർമാണത്തിനും കരകൗശല വസ്തുക്കൾക്കും പ്രസിദ്ധമാണ് മദീന. ജലസംഭരണവും പാചകവും മുതൽ ചരക്കുകളുടെ ക്രയവിക്രയം വരെ ഒരുകാലത്ത് ഇവിടുത്തെ അറബികളുടെ ദൈനം ദിന ജീവിതത്തിൽ മൺപാത്രങ്ങൾ ഉപയോഗിച്ചായിരുന്നു. വരുമാനത്തിൽ ഗണ്യമായ കുറവ് വന്നതോടെ പതിയെ പരമ്പരാഗത തൊഴിലാളികൾ മൺപാത്ര നിർമാണത്തിൽനിന്നും ഒഴിഞ്ഞു. ആവശ്യക്കാർ കുറഞ്ഞതും ഈ മേഖലയിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ കാരണമായി.

മൺപാത്ര നിർമാണ രംഗത്തിന്റെ സംരക്ഷണത്തിനായി ഹെറിറ്റേജ് കമീഷൻ വിപുലമായ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഈ പാരമ്പര്യ കല പഠിപ്പിക്കാൻ വിവിധ കോഴ്‌സുകളും വർക്ക്‌ഷോപ്പുകളും നടത്തിവരുന്നു. കുശവ കുടുംബങ്ങളെ അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും വലിയ ആഘോഷ പരിപാടികളിൽ അവസരമൊരുക്കി പിന്തുണക്കുന്ന പദ്ധതിയുമുണ്ട്.

പ്രദേശത്തെ മൺപാത്രനിർമാതാക്കളിൽ ഒരാളായ തമ്മാം മഹമൂദ് മൺപാത്ര നിർമാണ കലയെ സജീവമായി നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്നയാളാണ്. 40 വർഷം മുമ്പ് പിതാവ്, പിതാമഹൻ എന്നിവരിൽനിന്നാണ് ഈ തൊഴിൽ വിദ്യ അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചത്. വൈവിധ്യമാർന്ന ആധുനിക ഗാർഹിക പാത്രങ്ങൾ വ്യാപകമായി ലഭ്യമായതും അവയുടെ വ്യത്യസ്ത വിലകളും കാരണം മൺപാത്രങ്ങളുടെ ആവശ്യം കുറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മൺപാത്ര വ്യവസായം വിനോദസഞ്ചാരികൾ വാങ്ങുന്ന കൗശലവസ്തുക്കളിലും സൗന്ദര്യാത്മക പ്രദർശന വസ്തുക്കളിലും പരിമിതപ്പെട്ടുപോയ അവസ്ഥയാണുള്ളത്. നിർമാണത്തിന് ഉപയോഗിക്കുന്ന കളിമണ്ണ് മഴയെ തുടർന്ന് മദീന താഴ്വരകളിൽ നിന്നാണ് ലഭിക്കുന്നതെന്ന് മഹ്മൂദ് കൂട്ടിച്ചേർത്തു.

ആവശ്യമായ ഡിസൈൻ ലഭിക്കുന്നതിന് വിവിധ വലുപ്പത്തിലുള്ള അച്ചുകൾ ഉപയോഗിച്ച് കളിമണ്ണ് രൂപപ്പെടുത്തിയാണ് വൈവിധ്യമാർന്ന മൺപാത്രങ്ങൾ രൂപകൽപന ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.